Flash News

കളിത്തിരക്കു മൂലം ഓഫിസില്‍ ഹാജര്‍ കുറവ് : സി കെ വിനീതിന് ജോലി നഷ്ടമാവും



തിരുവനന്തപുരം: രാജ്യാന്തര ഫുട്‌ബോള്‍ താരം സി കെ വിനീതിന് അക്കൗണ്ടന്റ് ജനറല്‍ ഓഫിസിലെ (ഏജീസ് ഓഫിസ്) ജോലി നഷ്ടമായേക്കും. മതിയായ ഹാജരില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിനീതിനെ ജോലിയില്‍നിന്നു പുറത്താക്കാന്‍ നീക്കം നടക്കുന്നത്. ഓഫിസിലെത്തണമെന്നാവശ്യപ്പെട്ട് വിനീതിന് പലതവണ കത്തയച്ചെന്നും ഔദ്യോഗികമായി മറുപടി നല്‍കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഏജീസ് ഓഫിസ് അധികൃതര്‍ വ്യക്തമാക്കി. 2011ലായിരുന്നു സി കെ വിനീത് ഏജീസില്‍ നിന്ന് രണ്ടുവര്‍ഷത്തെ ലീവ് എടുത്തത്. തുടര്‍ന്ന് അദ്ദേഹം ബംഗളൂരു എഫ്‌സിയിലും ദേശീയ ടീമിലും ഉള്‍പ്പെടെ കളിച്ചിരുന്നു. എന്നാല്‍, ലീവിനു ശേഷം വിനീത് ഓഫിസില്‍ ഹാജരായിട്ടില്ലെന്നാണ് ഏജീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ സാഹചര്യത്തില്‍ വിനീതിനെ പിരിച്ചുവിടാനുള്ള ഫയല്‍ തിരുവനന്തപുരത്തെ ഓഫിസില്‍ എത്തിയിട്ടുണ്ടെന്നാണു സൂചന. ആറുമാസമെങ്കിലും ഓഫിസിലെത്തി കൃത്യമായി ജോലിക്ക് ഹാജരാവണം എന്നതാണ് ഏജീസിന്റെ നിയമം.അതേസമയം, തനിക്കെതിരായ നീക്കത്തിനെതിരേ സി കെ വിനീത് രംഗത്തെത്തി. കളി നിര്‍ത്തി ഓഫിസിലിരിക്കാനില്ലെന്ന് വിനീത് പ്രതികരിച്ചു. ഫുട്‌ബോള്‍ മാറ്റിവച്ച് ജോലിയില്‍ തുടരാനില്ലെന്നും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലിക്ക് കയറിയ തന്നോട് കളിക്കരുതെന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നും വിനീത് പ്രതികരിച്ചു. അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ ഓഡിറ്ററാണ് വിനീത്. നാലരവര്‍ഷം മുമ്പാണ് താരം ജോലിയില്‍ പ്രവേശിച്ചത്. ബംഗളൂരു എഫ്‌സിക്കായി 15 മല്‍സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് വിനീത് അടിച്ചുകൂട്ടിയത്. ദേശീയ ടീമില്‍ ഇടംനേടുകയും ഐഎസ്എല്‍ ഫുട്‌ബോളില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്കുമൂലം ഓഫിസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി നേടിയിട്ടും സ്ഥാപനം പരിഗണന നല്‍കിയില്ലെന്ന് വിനീത് പറഞ്ഞു. ഫെഡറേഷന്‍ കപ്പ് സെമി മല്‍സരത്തിനായി ഒഡീഷയിലാണ് ബംഗളൂരു എഫ്‌സി താരമായ വിനീത്.
Next Story

RELATED STORIES

Share it