Flash News

കളിത്തട്ടൊരുക്കി റഷ്യ കാത്തിരിക്കുന്നു

കളിത്തട്ടൊരുക്കി റഷ്യ കാത്തിരിക്കുന്നു
X


ജലീല്‍ വടകര

ഭൂമിയെന്ന ഫുട്‌ബോളിലെ ഏറ്റവും വലിയ തുകല്‍പാളിയായ റഷ്യയിലേക്ക് ഫുട്‌ബോള്‍ മാമാങ്കം അലയടിച്ചെത്തുമ്പോള്‍ ആതിഥേയര്‍ മറ്റു രാജ്യങ്ങളെയെല്ലാം ഒരു പന്തു കാട്ടി വിളിക്കുന്നു. 2018ലെ ഫുട്‌ബോള്‍ രാജാക്കന്‍മാരെ കണ്ടെത്താനുള്ള ലോക മാമാങ്കത്തിനുള്ള പന്തുമായാണ് റഷ്യയുടെ കാത്തിരിപ്പ്.  21ാമത് ലോകകപ്പ് ഫുട്‌ബോള്‍ റഷ്യയില്‍ കൊണ്ടാടുമ്പോള്‍ ഇതിനെ ഇരട്ടനേട്ടമായാണ് റഷ്യന്‍ കാല്‍പന്ത് പ്രേമികള്‍ നിര്‍വചിക്കുന്നത്. ആതിഥ്യമരുളുന്ന രാജ്യമെന്ന ഖ്യാതിയില്‍ വീണ്ടുമൊരു ലോകകപ്പില്‍ പന്ത് തട്ടാനും ലോകം വാഴ്ത്തപ്പെടുന്ന ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന പോലുള്ള  ഫുട്‌ബോള്‍ മല്ലന്‍മാര്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നത് കണ്ട് ആവേശത്തിന്റെയും ആരവത്തിന്റെയും രാപ്പകലുകള്‍ ചിലവഴിക്കാനും. സകലകലാവല്ലഭരാണ് റഷ്യക്കാര്‍. സാഹിത്യവും സര്‍ക്കസും വഴങ്ങുന്നതുപോലെ ചെസും ജിംനാസ്റ്റിക്‌സും മുതല്‍ സമസ്ത മേഘലയിലും റഷ്യന്‍ സാന്നിധ്യമുണ്ട്. ചിന്തിച്ചു കളിക്കുന്ന ഗാരി കാസ്പറോവും ചിരിച്ചു കളിക്കുന്ന മരിയ ഷറപ്പോവയും ഈ നാട്ടുകാരാണ്. പക്ഷേ, ഈ അടുത്ത കാലത്ത് റഷ്യയുടെ കായികാകാശത്തില്‍  ഉത്തേജകവിവാദവും അഴിമതിയുമെല്ലാം മഴപോലെ പെയ്തിറങ്ങി. വിലക്കുമൂലം സമ്മര്‍ ഒളിംപിക്‌സിലും വിന്റര്‍ ഒളിംപിക്‌സിലും റഷ്യന്‍ പതാക പാറിയിരുന്നില്ല. ഒപ്പം ഉത്തേജക ഉപയോത്തെത്തുടര്‍ന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരമെന്ന പദവി നഷ്ടപ്പെട്ട നിരാശയില്‍ റാക്കറ്റേന്തിയ മരിയ ഷറപ്പോവയ്ക്കും ഈയിടെ കാലിടറുന്ന കാഴ്ചയാണ് ടെന്നിസ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്. ആദ്യമായാണ് റഷ്യയില്‍ ഫുട്ബാള്‍ മാമാങ്കത്തിന് തിരിതെളിയാന്‍ പോവുന്നത്. ആതിഥ്യമരുളുന്നതിന്റെ മുന്‍തൂക്കത്തില്‍ 100 ശതമാനവും ആരാധക പിന്തുണ പിടിച്ചുപറ്റിയ റഷ്യ പക്ഷേ ഫുട്‌ബോള്‍ ലോകത്ത് അത്ര വല്യ വമ്പന്‍മാരല്ലെങ്കിലും ലോകഫുട്‌ബോള്‍ രാജ്യങ്ങളെ അട്ടിമറിക്കാനുള്ള കെല്‍പ്പ് പഴയ സോവിയറ്റ് യൂനിയനുണ്ട്.  പ്രബലരായ ഉറുഗ്വേയും സൗദി അറേബ്യയും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് എയിലാണ് റഷ്യയുടെ സ്ഥാനം. നിലവില്‍ ഫിഫാ റാങ്കിങില്‍ 66ാം സ്ഥാനത്താണ് റഷ്യ. പഴയകാല ചരിത്രം കണക്കിലെടുത്താല്‍ റഷ്യയും ഉറുഗ്വേയുമാണ് അടുത്ത റൗണ്ടിലേക്ക് കുതിക്കാന്‍ സാധ്യത. ഈ ലോകകപ്പില്‍ മല്‍സരിക്കുന്ന ടീമുകളില്‍ റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ള രാജ്യമാണ് അവര്‍. കളിച്ചു ജയിച്ചു കാണിച്ചുകൊടുക്കാമെന്ന വ്യാമോഹമില്ല. പക്ഷേ, ലോകത്തെ സന്തോഷിപ്പിക്കാനുള്ള മധുരക്കപ്പ് ഇപ്പോഴും റഷ്യയിലുണ്ടെന്നുറപ്പ്. സോവിയറ്റ് രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടതിന് ശേഷം ഫുട്‌ബോള്‍ ലോകകപ്പില്‍ തനിച്ച് മല്‍സരിച്ച റഷ്യ ആകെ മൂന്ന് ലോകകപ്പിലാണ് മല്‍സരിച്ചിട്ടുള്ളത്. ഇതില്‍ 2014ലെ ബ്രസീല്‍ ലോകകപ്പായിരുന്നു അവസാനത്തേത്. ലോകകപ്പ് ഫുട്‌ബോള്‍ ലോകത്ത് പിറവിയെടുത്ത സമയം മുതല്‍ ലോകത്തിലെ ചില രാജ്യങ്ങള്‍ കൂടിച്ചേര്‍ന്നുള്ള സോവിയറ്റ് യൂനിയന്‍ 1990 വരെ ലോകകപ്പില്‍ നിറസാന്നിധ്യമായിരുന്നു. പിന്നീട് സോവിയറ്റ് യൂനിയന്‍ ചിന്നിച്ചിതറിയപ്പോള്‍ പൂമൊട്ടുപോലെ ഉദയം കൊണ്ട റഷ്യയെയാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കിയത്. സ്വതന്ത്ര രാജ്യമായി മാറിയ റഷ്യ 1994ല്‍ നടന്ന അമേരിക്കന്‍ ലോകകപ്പിലാണ് ഒറ്റക്ക് മല്‍സരിക്കാനിറങ്ങുന്നത്. അന്ന് 18ാം സ്ഥാനവുമായാണ് ടീം നാട്ടിലേക്ക് മടങ്ങിയത്.  1998ല്‍ യോഗ്യത നേടാതിരുന്ന റഷ്യ 2002ലും സാന്നിധ്യമറിയിച്ചെങ്കിലും 22ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിന്നീടങ്ങോട്ട് നടന്ന രണ്ട് ലോകകപ്പിലും കാലൊപ്പ് ചാര്‍ത്താന്‍ കഴിയാതിരുന്ന റഷ്യ 2014ലെ ബ്രസീല്‍ ലോകകപ്പിലാണ് അവസാനമായി കാലെടുത്തുവച്ചത.് എന്നാല്‍ ഇവിടെ ലോകകപ്പിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചാണ് ടീം ബ്രസീലില്‍ നിന്ന് വിമാനം കയറിയത്. ഇവിടെ 24ാം സ്ഥാനത്തായാണ് ടീം ഫിനിഷ് ചെയ്തത്.2008ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലെ സെമിഫൈനലില്‍ വരെ എത്തിയതാണ് റഷ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ അവിസ്മരണീയമായ നാഴികക്കല്ല്.  ലോകരാജ്യങ്ങളോട് മല്ലിട്ട റഷ്യന്‍ ടീമില്‍ പരിചയസമ്പത്തുള്ള ഗോള്‍ കീപ്പര്‍ അക്കിന്‍ ഫീവാണ് ടീം നായകന്‍. റഷ്യയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ പില്‍ക്കാലത്ത് കുറിക്കപ്പെടേണ്ട താരം കൂടിയാണ് ഈ 31കാരന്‍. മുന്‍ റഷ്യന്‍ ഇതിഹാസം ലെവ് യാഷിന്റെ പേരാണ് താരത്തിന്റെ ഗോള്‍ സേവുകള്‍ കണ്ട് റഷ്യന്‍ ആരാധകര്‍ മനസ്സില്‍ കുറിക്കുന്നത്. കൂടാതെ താരത്തെ യാഷിന്റെ പിന്‍ഗാമിയായും റഷ്യന്‍ ആരാധകര്‍ നെഞ്ചേറ്റുന്നു. കാരണം ആറോ അതില്‍ അധികമോ മല്‍സസരങ്ങളില്‍ ഒരു ഗോളും വഴങ്ങാത്ത ഗോള്‍കീപ്പര്‍മാരെ റഷ്യക്കാന്‍ യാഷിന്‍ ക്ലബില്‍ ഉള്‍പ്പെടുത്തുന്നു. അതില്‍ ഇടം പിടിച്ച താരം കൂടിയാണ് അക്കിന്‍ ഫീവ്. ഇന്ന് ആ ലിസ്റ്റില്‍ തലപ്പത്തുള്ള താരം കൂടിയാണ് അക്കിന്‍ ഫീവ്. താരത്തിന്റെ മിന്നും സേവുകള്‍ റഷ്യന്‍ പ്രതിരോധത്തിലൂടെ ഒരിക്കല്‍ കൂടി എതിര്‍ ടീമിനെ തളച്ചിടാനായാല്‍ ഫുട്‌ബോള്‍ ലോകകപ്പിലെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സ്വന്തം കാണികള്‍ സാക്ഷിയകേണ്ടി വരും. റഷ്യയുടെ സ്വന്തം കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ച്ചെസ്ലോവിന്റെ ശിഷ്യഗണങ്ങള്‍ ആളിക്കത്താനുള്ള തീപന്തങ്ങളായാണ്  റഷ്യയുടെ മണ്ണില്‍  കച്ച കെട്ടിയിറങ്ങുന്നത്. ലോകകപ്പിന്റെ തുടക്കം മുതല്‍ കളിക്കരുത്ത് മാത്രം കണ്ടിട്ടുള്ള ടീമുകള്‍ക്കെതിരേ നടത്തിയ മിന്നല്‍ ആക്രമണ-പ്രത്യാക്രമണങ്ങള്‍ ഈ ലോകകപ്പിലും ആവര്‍ത്തിക്കാനായാല്‍ ഒരു ലോകകപ്പ് കിരീടം റഷ്യയ്ക്ക് വിദൂരമല്ല. എങ്കിലും പണ്ട് പുരോഗതിയുടെ ആകാശം നോക്കി നടന്നപ്പോള്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതറിയാതെ നിന്നവരാണു റഷ്യക്കാര്‍. സോവിയറ്റ് യൂനിയന്‍ എന്ന നീളന്‍ വാക്കിലെ അക്ഷരങ്ങള്‍പോലെ, രാജ്യങ്ങളൊന്നായി പിരിഞ്ഞുപോയി റഷ്യ എന്ന രണ്ടക്ഷരമായതിനുശേഷം ലോകത്തിനു മുന്നില്‍ അവര്‍ക്കു തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ കിട്ടിയ അവസരമാണ് ഈ ലോകകപ്പ്. ഒരുക്കങ്ങളില്‍ അലസതയുണ്ടാകാം, പിണക്കങ്ങളും പരിഭവങ്ങളുമുണ്ടാകാം. പക്ഷേ, ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ ഒരു മാസം പന്തിനു പിന്നാലെ പായുമ്പോള്‍ ലോകമൊന്നാകെ പാടും... മധുര മനോഹര റഷ്യ.
Next Story

RELATED STORIES

Share it