ernakulam local

കളമശ്ശേരി ദേശീയ പാതയില്‍ തള്ളിയ മാലിന്യങ്ങള്‍ റോഡരികില്‍ കുഴിച്ച് മൂടി

കളമശ്ശേരി: ദേശീയപാത അപ്പോളോ കവലയില്‍ നിന്നും വല്ലാര്‍പാടം നാലുവരിപ്പാതയിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും തള്ളിയിരിക്കുന്ന മാലിന്യങ്ങള്‍ ദേശീയ പാതയില്‍ തന്നെ മണ്ണിട്ട് മൂടുന്നു. റോഡരികിലെ കനയോട് ചേര്‍ന്ന ഭാഗത്തെ കുഴികളില്‍ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ചാണ് മാലിന്യങ്ങള്‍ കുഴിയില്‍ തള്ളുന്നത്.
നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രം അടുത്തുണ്ടായിട്ടും മാലിന്യം അവിടെ കുഴിയെടുത്ത് മുടാതെ റോഡരികില്‍ തന്നെ തള്ളുന്നത് മെട്രോ നഗരത്തിന് ഭൂഷണമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയപാതയുടെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന ഇതര സംസ്ഥാന ലോറികളുടെ മറവിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. കൂടാതെ ഈ ഭാഗത്ത് ശുചി മുറി മാലിന്യങ്ങളും തള്ളുന്നുണ്ട്. ദേശീയ പാതയിലെ കാനയില്‍ ഇതിനകം തന്നെ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. മഴ പെയ്താല്‍ കാനയിലുടെ വെള്ളം ഒഴുകാതെ റോഡില്‍ മാലിന്യത്തോടൊപ്പം കെട്ടി കിടക്കുകയാണ് പതിവ്.
മാസങ്ങള്‍ക്ക് മുമ്പ്് ഈ ഭാഗത്തെ മാലിന്യം കുഴി എടുത്ത് നഗരസഭ റോഡരികില്‍ കുഴിച്ച് മുടിയിരുന്നു. ദേശീയ പാതയില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ നിരവധി തവണ നഗരസഭ പ്രമേയങ്ങള്‍ പാസ്സാക്കി ട്രാഫിക്ക് അധികാരികളെ അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിയും ഉയര്‍ന്നിട്ടുണ്ട്. കളമശ്ശേരി നഗരസഭയുടെ ഭാഗമായ വല്ലാര്‍പ്പാടം റോഡില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നഗരസഭ അധികൃതര്‍ ഇത് പരിശോധിക്കാറില്ലെന്നാണ് അറിയുന്നത്. അതെ സമയം ഏലുര്‍ പാതാളം ഇഎസ്‌ഐ ആശുപത്രിയില്‍ നിന്നും സെപ്റ്റിടാങ്ക് മാലിന്യം പൊട്ടി ഒഴുകുന്നത് പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കാനും, കൊതുകുകള്‍ അധികരിക്കാനുംകാരണമാകുന്നു.
കൂടാതെ ഇതില്‍ നിന്നും ദുര്‍ഗന്ധമുണ്ടാകുന്നത് സമാപവാസികളെ ദുരിതത്തിലാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി സെപ്റ്റിടാങ്ക് മാലിന്യങ്ങള്‍ ഒഴുക്കിപ്പരക്കുന്നത് കൊതുക് വളരുന്നതിനും ഇത് മൂലം സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനും കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. പ്രശ്‌നത്തിന് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കാണിച്ചാണ് നഗരസഭ സൂപ്രണ്ടിന് കത്ത് നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it