ernakulam local

കളമശ്ശേരി ടിവിഎസ് കവലയില്‍ വാഹനങ്ങളുടെ മല്‍സരയോട്ടം

കളമശ്ശേരി: ദേശീയപാത ടിവിഎസ് കവലയില്‍ വാഹനങ്ങളുടെ മല്‍സരയോട്ടവും സിഗ്നലുകള്‍ വകവയ്ക്കാതെയുള്ള പാച്ചിലുകളും നിയന്ത്രിക്കാന്‍ ആവശ്യത്തിനു ട്രാഫിക് വാര്‍ഡന്‍മാരും ഇല്ലാത്തതും പ്രദേശം അപകടമേഖലയാകുന്നു.
മല്‍സരയോട്ടം നടത്തുന്ന ബസ്സുകളെ പിടികൂടുന്നതിനോ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമാവുന്ന രീതിയില്‍ റോഡില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനോ പോലിസ് തയ്യാറാവില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സിഗ്നല്‍ പ്രവര്‍ത്തിക്കാത്ത സമയത്തുപോലും വാഹനത്തില്‍നിന്നും പുറത്തിറങ്ങി വാഹനങ്ങളെ നിയന്ത്രിക്കുന്ന പതിവും ഇവിടെയില്ല. അശാസ്ത്രീയമായി സ്ഥാപിച്ച ട്രാഫിക് സിഗ്നലുകള്‍ പലപ്പോഴും ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാതെ മുന്നോട്ടുപോവുകയാണ് പതിവ്. രണ്ടുമാസം മുമ്പ് ചരക്കുലോറി ഓട്ടോയിലിടിച്ച് നവവരന്‍ മരിച്ചിരുന്നു. ടിവിഎസ് കവലയില്‍ എത്തുന്ന ഹൈവേ പട്രോള്‍ പോലിസും ട്രാഫിക് പോലിസും സമീപമുള്ള മരത്തണലില്‍ വാഹനമിട്ട് ഹെല്‍മറ്റ് പരിശോധന നടത്തുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ടിവിഎസ് കവലയിലുള്ള വാഹനപരിശോധന പലപ്പോഴും അപകടഭീഷണി ഉയര്‍ത്താറുണ്ട്. ഇതിനെതിരേ പൊതുപ്രവര്‍ത്തകരും മറ്റും നേരത്തെതന്നെ പരാതി നല്‍കിയിട്ടുള്ളതാണ്. കഴിഞ്ഞ ബുധനാഴ്ച കളമശ്ശേരിയില്‍ സ്വകാര്യ ബസ്സുകള്‍ നടത്തിയ മല്‍സരയോട്ടത്തില്‍ നിരവധി അപകടങ്ങളാണ് വരുത്തിവച്ചത്. ടിവിഎസ് കവലയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് കൂടുതല്‍ ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it