ernakulam local

കളമശ്ശേരിയില്‍ വീണ്ടും കവര്‍ച്ച

കളമശ്ശേരി: ദേശീയപാത കളമശ്ശേരിയില്‍ വീണ്ടും കവര്‍ച്ച. കളമശ്ശേരി കൂനംതൈയില്‍ വാട്ടര്‍ടാങ്കിന്റെ ഓഫിസിന്റെ പൂട്ട് തകര്‍ത്താണ് 93,000 രൂപ കവര്‍ന്നത്. മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ഷട്ടറിലെ രണ്ട് പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാവ് പണം കവര്‍ന്നത്. കഴിഞ്ഞ 14 ന് പെരുന്നാളിന്റെ അവധിക്കായി ഓഫിസ് അടച്ചിരുന്നു. ശനിയാഴ്ച ജീവനക്കാര്‍ തുറക്കാന്‍ എത്തിയപ്പോഴാണ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലിസിനെ അറിയിച്ചു. പോലിസ് നടത്തിയ പരിശോധനയില്‍ മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളിന്റെ ദൃശ്യം സമീപത്തെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു. കളമശ്ശേരി ദേശീയപാതയോരത്ത് ഒരാഴ്ച കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ മോഷണമാണ് കഴിഞ്ഞ ദിവസം കൂനംതൈയില്‍ നടന്നത്. കഴിഞ്ഞ ബുധനാഴ്ച ദേശീയപാതയ്ക്ക് സമീപം പത്തടിപ്പാലത്ത് പാരിജാതം റോഡില്‍ മുന്‍ റിസര്‍വ് ബാങ്ക് ജനറല്‍ മാനേജന്‍ രാജു കുര്യന്റെ വീട്ടില്‍ വാതില്‍ തകര്‍ത്ത് 25 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും വാച്ചും മൊബൈല്‍ ഫോണും കവര്‍ന്നിരുന്നു. ഇതിലെ മോഷ്ടാവിനെ പിടികൂടാന്‍ പോലിസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ശനിയാഴ്ച ഓഫിസില്‍ നിന്നും പണം കവര്‍ന്നത്. കഴിഞ്ഞ മെയ് 9 ന് കളമശ്ശേരി നഗരസഭാ ഓഫിസിന് എതിര്‍വശം ബാങ്ക് ഓഫ് ഇന്ത്യയുടെ ഭിത്തി തുരന്ന് കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതിയെയും പോലിസിന് ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ദേശീയപാതയോരത്ത് അടിക്കടിയുണ്ടാവുന്ന മോഷണം പോലിസിനും തലവേദനയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it