malappuram local

കളനാശിനി പ്രയോഗം-പുല്‍കാടുകള്‍ ഉണങ്ങി തുടങ്ങി

തിരുന്നാവായ: തിരൂര്‍ മൈനര്‍ ഇറിഗേഷന്‍ പരിധിയിലുള്ള തിരുന്നാവായ കനാലില്‍ ഒരു കിലോമീറ്ററോളം ദൂരം വിഷാംശം നിറഞ്ഞ കളനാശിനി പ്രയോഗിച്ചത് അധികൃതരുടെ മൗനാനുവാദത്തോടെയാണെന്നുള്ള വിവാദം നിലനില്‍ക്കെ കനാലിലെ പുല്‍ക്കാടുകള്‍ ഉണങ്ങി തുടങ്ങി.വന്‍ മല്‍സ്യ സമ്പത്തുള്ളതും തിരൂര്‍ പുഴയോട് ചേരുന്നതുമായ അറോട്ടിതോടിലേക്കും വാലില്ലാപുഴയിലേക്കുമാണ് ഈ കനാല്‍ തോട് എത്തിച്ചേരുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം കണ്ട് വരുന്ന അപൂര്‍വയിനം ദേശാടനപക്ഷികള്‍ കൂട് വെച്ച് താമസിക്കുന്നത് ഈ തോടിന്റെ വശങ്ങളിലുള്ള പ്രത്യേകയിനം കൈതച്ചെടി കൂട്ടത്തിലാണെന്ന് കഴിഞ്ഞ ഒക്‌ടോബര്‍ 6ന് പക്ഷി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.
അപൂര്‍വയിനം ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമായ ഇവിടെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമാണ്. കന്നുകാലികള്‍ മേഞ്ഞ് നടക്കുന്ന ഇവിടെ കര്‍ഷക സാന്നിധ്യം എപ്പോഴും ഉള്ള പ്രദേശമാണിത്. കൃഷി ഓഫിസര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കി രേഖാമൂലമുള്ള അനുമതിയോട് കൂടി ഇരുന്നൂറ് ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലിഗ്രാം കലക്കിയെടുത്ത് എല്ലാ സുരക്ഷയും കൂടി അപൂര്‍വമായി ഉപയോഗിക്കുന്ന കളനാശിനിയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.അടുത്ത ദിവസങ്ങളിലായി കനാലില്‍ വെള്ളം പമ്പ് ചെയ്യുകയോ ഇടക്കാല മഴ പെയ്യുകയോ ചെയ്താല്‍ ഇവയുടെ വിഷാംശം തോടിന്റെ ഇരുവശങ്ങളിലായി ഉള്ള ശുദ്ധജല കിണറുകളിലേക്ക് വ്യാപിക്കാന്‍ ഇടയുണ്ട്.
മാസ്‌കോ, കയ്യുറയോ ഇല്ലാതെ അന്യസംസ്ഥാന തൊഴിലാളിയെ കൊണ്ടാണ് ഗ്ലൈഫോസൈറ്റ് 41% എസ് എല്‍ അടങ്ങിയ വിഷാംശം നിറഞ്ഞ കളനാശിനി തളിപ്പിച്ചത്.തിരൂര്‍ മൈനര്‍ ഇറിഗേഷന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള ഈ സ്ഥലത്ത് അധികൃതരുടെ അനുമതി ഇല്ലാതെ ഇത്തരത്തിലുള്ള മരുന്നുകള്‍ തളിക്കാനാവില്ല.
തിരുന്നാവായ പമ്പ് ഹൗസില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ ഏത് സമയവും സ്ഥലത്ത് ഉണ്ടായിരിക്കെ കളനാശിനിയുടെ ഉപയോഗം ദുരൂഹത സൃഷ്ടിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ലക്ഷക്കണക്കിന് രൂപക്ക് കനാല്‍ ശുദ്ധീകരണം നടത്താന്‍ വരുന്ന കോണ്‍ട്രാക്ടര്‍ക്ക് തൊഴിലാളികളുടെ എണ്ണം കുറക്കാനും പ്രവൃത്തി ദിവസം കുറക്കാനും ഇതുമൂലം ഉപകരിക്കുമെന്നെല്ലാതെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന കളനാശിനി പ്രയോഗത്തിന്റെ കാരണമെന്ന് സംശയിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഇത് സംബന്ധിച്ച് ചെറുകിട ജലസേചന വകുപ്പിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും മറ്റു ഉദ്യോഗസ്ഥരെയും കളനാശിനി ഉപയോഗിക്കുന്ന സമയത്ത് പരിസ്ഥിതി സംഘടനയായ റീ-എക്കൗ വിവരം അറിയിച്ചെങ്കിലും ഇതുവരെ അധികൃതര്‍ ഒരുവിധ നടപടിയും സ്വീകരിക്കാത്തത് നിഷേധര്‍ഹമാണ്.
Next Story

RELATED STORIES

Share it