kannur local

കളഞ്ഞുകിട്ടിയ സിം കാര്‍ഡ് ഉപയോഗിച്ച് കലാപശ്രമം: ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കളഞ്ഞുകിട്ടിയ സിംകാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ചെയ്ത് കലാപത്തിനു ശ്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനെ പോലിസ് പിടികൂടി. മുള്ളൂല്‍ മടക്കുടിയന്‍ ഹൗസില്‍ എം ജെ ജയന്‍(34), മാന്തങ്കുണ്ട് സ്വദേശി ബൊമ്മഞ്ചേരി മനോജ്(44) എന്നിവരെയാണ് പിടികൂടിയത്. ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇക്കഴിഞ്ഞ ജൂണ്‍ 21ന് മരണപ്പെട്ട പൊതുമരാമത്ത് കരാറുകാരന്‍ മാന്തംകുണ്ടിലെ പുതുശ്ശേരി വീട്ടില്‍ രവീന്ദ്രന്റെ മരണം കൊലപാതകമാണെന്നും മരണത്തിന് പിന്നില്‍ സിപിഎമ്മാണെന്നും വീണുകിട്ടിയ ഫോണിലൂടെ ജയന്‍ പ്രചരിപ്പിക്കുകയായിരുന്നു. രവീന്ദ്രനെ സിപിഎം പ്രവര്‍ത്തകര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിയെന്നുമാണ് വിളിച്ചറിയിച്ചത്. രവീന്ദ്രന്റെ ബന്ധുക്കളെ മാത്രമല്ല, തളിപ്പറമ്പ് ഡിവൈഎസ്പി, സിഐ, എസ്‌ഐ എന്നിവരോടും പത്രം ഓഫിസുകളിലും ഈ വിവരം വിളിച്ചറിയിച്ചുകൊണ്ടിരുന്ന കാര്യമറിഞ്ഞ് രവീന്ദ്രന്റെ സഹോദരന്‍ പുരുഷോത്തമന്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പോലിസ് പ്രതിയെ പിടികൂടിയത്.സിംകാര്‍ഡിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തിയെങ്കിലും ഫോണ്‍ വിളിക്കുന്ന ആളെ കണ്ടെത്താനായിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ടവര്‍ ലൊക്കേഷനില്‍ നിന്നാണു ഫോണ്‍ ചെയ്തിരുന്നത്. നമ്പര്‍ പോലിസ് ബ്ലോക്ക് ചെയ്ത ശേഷം, വീണുകിട്ടിയ മറ്റൊരു ഫോണ്‍ ഉപയോഗിച്ചും വിളികള്‍ തുടര്‍ന്നു. പുളിമ്പറമ്പിലെ സിപിഎം പ്രവര്‍ത്തകരെ വിളിച്ച് നിങ്ങളുടെ കൊടികള്‍ നശിപ്പിക്കുന്നത് ലീഗുകാരാണെന്നും ലീഗുകാരെ വിളിച്ച് നിങ്ങളുടെ കൊടികള്‍ നശിപ്പിക്കുന്നത് സിപിഎമ്മുകാരാണെന്നും പറഞ്ഞ് ഇരുകക്ഷികളേയും പരസ്പരം പോരടിപ്പിക്കാന്‍ ശ്രമിച്ച ഇയാള്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ അക്രമം നടത്തിയതും സിപിഎമ്മുകാരാണെന്ന് പ്രചരിപ്പിച്ചതായി പോലിസ് പറഞ്ഞു. ഇത് കൂടാതെ നാട്ടിലും മറ്റ് സ്ഥലങ്ങളിലുമുള്ള സ്ത്രീകളെ വിളിച്ച് അശ്ലീലഭാഷയില്‍ സംസാരിക്കുകയും ചെയ്തു. രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് അറിയാതെ വീണുകിട്ടിയ ഫോണിലെ നമ്പറില്‍ വിളിച്ചതോടെയാണ് സൈബര്‍സെല്ലിന്റെ വലയില്‍ കുടുങ്ങിയത്.
Next Story

RELATED STORIES

Share it