കളംപിടിക്കാന്‍ ദേശീയ നേതാക്കളും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു 20 ദിവസംമാത്രം അവശേഷിക്കെ ഈയാഴ്ച മുതല്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും യുഡിഎഫിന്റെ താരപ്രചാരകരാവുമ്പോള്‍ സിപിഎം ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും സിപിഐ ജന. സെക്രട്ടറി സുധാകര്‍ റെഡ്ഡിയും എല്‍ഡിഎഫ് ക്യാംപുകളില്‍ ആവേശം വിതറും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കി കളം നിറയ്ക്കാനാണ് ബിജെപിയുടെ നീക്കം. മുഖ്യമന്ത്രിമാരായ നിതീഷ്‌കുമാര്‍, മമതാ ബാനര്‍ജി, മണിക് സര്‍ക്കാര്‍ എന്നിവരും പ്രചാരണത്തിനായി കേരളത്തിലെത്തും. എസ്ഡിപിഐ, സമാജ്‌വാദി പാര്‍ട്ടി, എഐഎഡിഎംകെ, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ ദേശീയനേതാക്കളും പ്രചാരണത്തിന് പടനയിക്കാനെത്തും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജെഡിയുവിനായി പ്രചാരണത്തിനെത്തും. പശ്ചിമബംഗാളിലെ സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ട് തുറന്നുകാണിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേരളത്തിലെത്തും. മെയ് ആദ്യവാരത്തോടെ ദേശീയനേതാക്കളെല്ലാം പൂര്‍ണമായും കേരളത്തില്‍ തമ്പടിക്കും.
സോണിയക്കും രാഹുലിനും പുറമെ ഗുലാംനബി ആസാദ്, സച്ചിന്‍ പൈലറ്റ്, എ കെ ആന്റണി, മുകുള്‍ വാസ്‌നിക്, ദീപക് ബാബ്‌രിയ തുടങ്ങിയ കേന്ദ്രനേതാക്കളുടെ വന്‍നിരയാണ് സംസ്ഥാനത്തേക്ക് എത്തുക. 30ന് കേരളത്തിലെത്തുന്ന സിപിഎം ജന. സെക്രട്ടറി സീതാംറാം യെച്ചൂരി മെയ് 13 വരെ പ്രചാരണരംഗത്ത് സജീവമാവും. പ്രകാശ് കാരാട്ട് മെയ് ഒന്നിനെത്തി 12 വരെ വിവിധ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഒമ്പതു മുതല്‍ 11വരെയും സിപിഐ ജന. സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി 10 മുതല്‍ 13 വരെയും പ്രചാരണങ്ങളില്‍ സജീവമാവും. സിപിഎം ദേശീയ നേതാക്കളായ ബൃന്ദ കാരാട്ട്, സുധ സുന്ദരരാമന്‍, യൂസഫ് തരിഗാമി, ശ്രീരാമ റെഡ്ഡി, സിപിഐ ദേശീയ സെക്രട്ടറിമാരായ ഡി രാജ, അമര്‍ജിത് കൗര്‍ എന്നിവരും കേരളത്തിലെത്തും. ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളിലാവും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേരളത്തിലെത്തും. ഇവര്‍ക്കുപുറമെ കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്ഗരി, സുഷമസ്വരാജ്, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍, രാജ്യസഭയിലെത്തിയ സിനിമാതാരം സുരേഷ് ഗോപി തുടങ്ങിയവരും പ്രചാരണത്തില്‍ പങ്കാളികളാവും.
എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എസ്പി നേതാക്കളായ മുലായംസിങ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, കമാല്‍ അക്തര്‍ എന്നിവരും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്, നേതാക്കളായ ഇ അബൂബക്കര്‍, എം കെ ഫൈസി തുടങ്ങിയവരും എത്തും.
Next Story

RELATED STORIES

Share it