കല്‍ബുര്‍ഗിയുടെ ബസവേശ്വരന്റെ വിപ്ലവം മലയാള പരിഭാഷ പ്രകാശനം ചെയ്തു

തിരുവനന്തപുരം: വിഖ്യാത കന്നട സാഹിത്യകാരനും ഹൈന്ദവ തീവ്രവാദികള്‍ തോക്കിനിരയാക്കുകയും ചെയ്ത ഡോ. എം എം കല്‍ബുര്‍ഗിയുടെ ബസവേശ്വരന്റെ വിപ്ലവം എന്ന നാടകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടന്‍ മധുപാലിനു നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ജനാധിപത്യത്തിനും മതേതരത്വത്തിനും കടുത്ത ഭീഷണിനേരിടേണ്ടിവരുന്ന ഇക്കാലത്ത് ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. എനിക്കെതിരേ വരുമ്പോള്‍ മാത്രം പ്രതികരിക്കാമെന്ന സമീപനം ശരിയല്ല. എഴുത്തുകാരന്‍ കൊല്ലപ്പെട്ടിട്ടും കേന്ദ്ര സാഹിത്യ അക്കാദമി വേണ്ടരീതിയില്‍ പ്രതികരിച്ചില്ല. എഴുത്തുകാര്‍ പുരസ്‌കാരങ്ങളും ബഹുമതികളും തിരിച്ചുനല്‍കിയപ്പോഴാണ് പ്രമേയം പാസാക്കാന്‍ അക്കാദമി നിര്‍ബന്ധിതരായത്. ഹിന്ദു വര്‍ഗീയവാദികളുടെ അജണ്ടയെ തള്ളിപ്പറയാനും എതിര്‍ക്കാനും കോണ്‍ഗ്രസ്സിനു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ടി എന്‍ സീമ എംപി, പ്രഫ. വി എന്‍ മുരളി, എം എ സിദ്ദീഖ്, പി പി സത്യന്‍, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സംസാരിച്ചു.
ഡോ. ബസവരാജ് നായ്ക്കരാണ് പുസ്തകം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത്. ഇതിന്റെ മലയാള പരിഭാഷയാണ് പുറത്തിറങ്ങിയത്. പി പി സത്യനാണ് പുസ്തകം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്. ബുക്ക് പോര്‍ട്ടാണ് പ്രസാധകര്‍.
Next Story

RELATED STORIES

Share it