കല്‍ബുര്‍ഗിയുടെ കൊലപാതകം; കേന്ദ്ര സാഹിത്യ അക്കാദമി മൗനം വെടിഞ്ഞു

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: എഴുത്തുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ തടയണമെന്നും മൗലികാവകാശങ്ങള്‍ക്കെതിരേയുള്ള കടന്നുകയറ്റത്തെ ശക്തമായി എതിര്‍ക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സാഹിത്യ അക്കാദമി പ്രമേയം പാസാക്കി. സാഹിത്യകാരന്‍മാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ കേന്ദ്ര സാഹിത്യ അക്കാദമി തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ അക്കാദമി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അക്കാദമി അടിയന്തരമായി വിളിച്ചുചേര്‍ത്ത നിര്‍വാഹക സമിതി യോഗത്തിലേക്കാണ് 100ഓളം എഴുത്തുകാര്‍ വായ മൂടിക്കെട്ടി പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
സംഘപരിവാര അനുകൂല എഴുത്തുകാരും പ്രതിഷേധവുമായി അക്കാദമി ആസ്ഥാനത്തെത്തിയിരുന്നു. എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതിനെതിരേയായിരുന്നു പ്രതിഷേധം. ഇരുവിഭാഗത്തിന്റെയും പ്രതിഷേധങ്ങള്‍ക്കിടെയാണ് അക്കാദമി യോഗത്തില്‍ മൂന്നു പ്രമേയങ്ങള്‍ പാസാക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എഴുത്തുകാര്‍ക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ എഴുത്തുകാര്‍ തിരികെ വാങ്ങണമെന്നും അക്കാദമിയിലെ സ്ഥാനങ്ങള്‍ രാജിവച്ച സാഹിത്യകാരന്‍മാര്‍ രാജി പിന്‍വലിക്കണമെന്നും അക്കാദമി ആവശ്യപ്പെട്ടു. സാംസ്‌കാരിക ഫാഷിസത്തെ യോഗം അപലപിച്ചു.
എന്നാല്‍, അക്രമങ്ങള്‍ അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് എഴുത്തുകാരുടെ തീരുമാനം.
Next Story

RELATED STORIES

Share it