കല്‍പ്പാത്തി സംഗീതോല്‍സവം ഇന്നുമുതല്‍



പാലക്കാട്: രഥോല്‍സവത്തിന് വരവേല്‍ക്കാനായി കല്‍പ്പാത്തി അഗ്രഹാരവും ഭക്തരും ഒരുങ്ങി. ഇന്നു രാവിലെ 9.30നും 10.30നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറ്റം നടക്കും. കല്‍പ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറ്റം നടക്കും. കൊടിയേറ്റത്തോടെ കല്‍പ്പാത്തി സംഗീതോല്‍സവത്തിനും തുടക്കമാവും. ഇന്നു മുതല്‍ 13 വരെ കല്‍പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജീകരിച്ച  പത്മഭൂഷന്‍ ലാല്‍ഗുഡി ജി ജയരാമന്‍ നഗറില്‍ നടത്തും. ഇന്നു വൈകീട്ട് ആറിന് എംബി രാജേഷ് എംപി സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യും. കല്‍പ്പാത്തി രഥോല്‍സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ  സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. ഇന്ന് പുരന്ദരദാസര്‍ ദിനത്തില്‍ വൈകീട്ട് ആറിന് ഉദ്ഘാടന സമ്മേളനം നടക്കും. ഏഴിന് റിത്വിക് രാജയുടെ സംഗീത കച്ചേരിക്ക്  ആര്‍ കെ ശ്രീരാംകുമാര്‍ (വയലിന്‍), ശ്രീമൂഷ്ണം രാജാറാവു (മൃദംഗം), എസ് വി രമണി (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും. ഒമ്പതിന് മുത്തുസ്വാമി ദീക്ഷിതര്‍ ദിനത്തില്‍ വൈകീട്ട് അഞ്ചിന് വിവേക് മൂഴിക്കുളത്തിന്റെ സംഗീത കച്ചേരിക്ക് എന്‍ എം ബ്രഹ്മദത്തന്‍ (വയലിന്‍), എന്‍ നാഗരാജ് (മൃദംഗം) പക്കമേളമൊരുക്കും. ഏഴിന് ചേര്‍ത്തല ഡോ. കെ എന്‍ രംഗനാഥ ശര്‍മയുടെ സംഗീത കച്ചേരി. എബാര്‍ എസ് കണ്ണന്‍ (വയലിന്‍),  മണ്ണാര്‍ഗുഡി എ ഈശ്വരന്‍ (മൃദംഗം), ഉഡുപ്പി ശ്രീകാന്ത് (ഗഞ്ചിറ). സമാപന ദിനമായ നവംബര്‍ 13ന് സ്വാതിതിരുനാള്‍ ദിനമായി ആഘോഷിക്കും.വൈകീട്ട് ആറിന് സമാപന സമ്മേളനം. ഏഴിന് മൈസൂര്‍ എം നാഗരാജ്-മൈസൂര്‍ ഡോ. എം മഞ്ജുനാഥ് (വയലിന്‍ ഡ്യൂറ്റ്). അനന്ത ആര്‍ കൃഷ്ണന്‍ (മൃദംഗം), ഡോ. എസ് കാര്‍ത്തിക് (ഘടം). കല്‍പ്പാത്തി സംഗീതോല്‍സവത്തിന്റെ ഭാഗമായി വീണാകലാനിധി വീണ വിദ്വാന്‍ ദേശമംഗലം സുബ്രമണ്യ അയ്യരുടെ സ്മരണയ്ക്കായി കുട്ടികള്‍ക്ക് ശാസ്ത്രീയ സംഗീത ഇനങ്ങളായ വോക്കല്‍, മൃദംഗം, വയലിന്‍, വീണാ മത്സരങ്ങള്‍ നവംബര്‍ നാല്, അഞ്ച് തിയ്യതികളില്‍ പാലക്കാട് ഫൈന്‍ ആര്‍ട്ടസ് സൊസൈറ്റി ഹാളില്‍ വച്ച്് നടത്തും.
Next Story

RELATED STORIES

Share it