palakkad local

കല്‍പ്പാത്തി രഥോല്‍സവം: ഒന്നാംദിനം ത്യാഗരാജ കൃതികളുടെ ആലാപനം കൊണ്ട് ശ്രദ്ധേയം

പാലക്കാട്: കല്‍പ്പാത്തി രഥോല്‍സവം സംഗീതോല്‍സവത്തിന്റെ ഒന്നാംദിനം ഭക്തിഭാവം കൊണ്ടും യുവത്വത്തിന്റെ ആവേശലഹരി കൊണ്ടും അവിസ്മരണീയമായി. ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംഗീതോല്‍സവത്തില്‍ ഒന്നാംദിനം രാഗരത്‌നം എന്‍ ജെ നന്ദിനിയാണ് കച്ചേരി അവതരിപ്പിച്ചത്. ത്യാഗരാജ സ്വാമികള്‍ക്ക് സമര്‍പ്പിച്ച ഒന്നാംദിനത്തില്‍ കാംബോജി രാഗത്തില്‍ (അടതാളം) ആണ് എന്‍ ജെ നന്ദിനി ആലാപനം ആരംഭിച്ചത്.
തുടര്‍ന്ന് ദേവമനോഹരി രാഗത്തില്‍ നിലേകന എന്ന കീര്‍ത്തനം ആലപിച്ചു. ഇതിനിടെ ജഗന്മോഹിനി രാഗം ആലാപനത്തിന്റെ ഒഴുക്കിനൊത്ത് പ്രയോഗഭംഗിയോടെ അവതരിപ്പിച്ചു. ത്യാഗരാജ കൃതിയായ ശോഭില്ലു സപ്തസ്വര എന്ന ജനകീയ കൃതി അനുവാചകര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് സാമ്പ്രദായിക രീതിയില്‍ നിന്നും അല്‍പ്പം മാറി കേദാരഗൗള രാഗത്തില്‍ ശ്രീകൃഷ്ണ സ്തുതി ശ്ലോകം ആലപിച്ചു. അനുപല്ലവിയില്‍ ആരംഭിച്ച സ്വാമിക്ക് ശരിയവരേ എന്ന കീര്‍ത്തനത്തിന്റെ ആലാപനത്തില്‍ ഉച്ചസ്ഥായിയുടെ നിയന്ത്രണ വേഗങ്ങളെ മനോഹരമായി പ്രതിപാദിച്ച എന്‍ ജെ നന്ദിനി ശേഷം ശോകച്ഛായയില്‍ സായന്തന രാഗമായ ബുഹാരി ആലപിച്ചു.
എന്തെ നിന്നേ വര്‍ണനെന്തുനു എന്ന ത്യാഗരാജ കീര്‍ത്തനം സദസ്സിനെ ഭക്തിപ്രഹര്‍ഷത്തിന്റെ ഉച്ഛസ്ഥായിയിലെത്തിച്ചു. ഗംഭീരവാണി രാഗത്തില്‍ (ആദിതാളം) ത്യാഗരാജ കൃതിയുടെ ആലാപനം ആദ്യദിനത്തില്‍ ത്യാഗരാജ സ്മരണകള്‍ ദീപ്തമാക്കി.
തോടി ശ്രുതിഭേദത്തില്‍ ആലപിച്ച നന്ദിനി സൗമിത്ര ത്യാഗരാജലുവിനും നിരവല്‍ സ്വരത്തിന്റെ ആലാപന ഗരിമയ്ക്കും ശേഷം തില്ലാനയോടെ കച്ചേരി സംഗ്രഹിച്ചു.
Next Story

RELATED STORIES

Share it