wayanad local

കല്‍പ്പറ്റ- മേപ്പാടി റോഡ് നവീകരണം; സമരസമിതി പിഡബ്ല്യുഡി ഓഫിസ് ഉപരോധിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ-മേപ്പാടി റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി പിഡബ്ല്യുഡി ഓഫിസ് ഉപരോധിച്ചു. റോഡ് നവീകരണം പൂര്‍ത്തിയാക്കി ജനുവരി 31നു തുറന്നുകൊടുക്കാനായിരുന്നു കലക്ടറുടെ നിര്‍ദേശം. എന്നാല്‍, ഇതു കണക്കിലെടുത്ത് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ തുടക്കം മുതല്‍ കരാറുകാരന്‍ തയ്യാറായില്ല. രണ്ടു മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചാണ് ഡിസംബര്‍ ഏഴിന് ഗതാഗതം നിരോധിച്ചത്. എന്നാല്‍, വിനായക കോളനിക്ക് സമീപത്തെ പാലം നിര്‍മാണം പോലുംപൂര്‍ത്തിയായിട്ടില്ല.
കോട്ടവയല്‍ മുതല്‍ മാനിവയല്‍ വരെ പഴയ ടാറിങ് പൊളിച്ച് മണ്ണു നീക്കുക മാത്രമാണുണ്ടായത്. പ്രവൃത്തി എന്നു തീരുമെന്നു കരാറുകാരനുമായി ബന്ധപ്പെട്ടവര്‍ക്ക് പോലും അറിയില്ല. റോഡില്‍ കുഴിയെടുത്ത ഭാഗങ്ങളില്‍ കരാര്‍ പ്രകാരം പ്രവൃത്തി നടത്തുന്നില്ല. മാസങ്ങളായി റോഡ് അടച്ചതോടെ കാപ്പംകൊല്ലി മുതല്‍ കല്‍പ്പറ്റ വരെയുള്ള പ്രദേശവാസികള്‍ കടുത്ത യാത്രാദുരിതത്തിലാണ്. രോഗികള്‍ സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, ആദിവാസികള്‍ അടക്കമുള്ള നിരവധി പ്രദേശവാസികളുടെ ഏക ആശ്രയമായ റോഡ് സൗകര്യപ്രദമായ ബദല്‍ സംവിധാനമില്ലാതെയാണ് അടച്ചത്.
റോഡുപണിയിലെ കാലതാമസം ഏറ്റവുമധികം ബാധിക്കുന്നതു വിദ്യാര്‍ഥികളെയാണ്. കല്‍പ്പറ്റ വരെയെത്താന്‍ കോട്ടവയലില്‍ നിന്നു ജീപ്പിന് പത്തു രൂപയാണ് ചാര്‍ജ്.
ഭീമമായ തുക നല്‍കിയാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. ട്രിപ്പ് വിളിക്കുകയാണെങ്കില്‍ കോട്ടവയല്‍ വരെ ഓട്ടോറിക്ഷയ്ക്ക് 100 രൂപ നല്‍കണം. ബദലായി ഉപയോഗിക്കുന്ന റാട്ടക്കൊല്ലി റോഡിന്റെ സ്ഥിതിയും ദയനീയമാണ്.
7.41 കോടി രൂപയ്ക്ക് 2014 നവംബര്‍ നാലിനാണ് പ്രവൃത്തിയുടെ ഭരണാനുമതി ലഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും പ്രക്ഷോഭങ്ങള്‍ക്കും ശേഷമായിരുന്നു ഇത്. തകര്‍ന്ന എട്ടു കിലോമീറ്റര്‍ ഭാഗമാണ് പുനര്‍നിര്‍മിക്കാന്‍ കരാര്‍ നല്‍കിയത്. റോഡ് അടച്ചിട്ടതോടെ കല്‍പ്പറ്റയില്‍നിന്ന് മേപ്പാടിയിലേക്കുള്ള ബസ്സുകള്‍ ചുണ്ടേല്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. ചെറുവാഹനങ്ങള്‍ക്ക് മാത്രമാണ് റാട്ടക്കൊല്ലി വഴി സര്‍വീസ് നടത്താന്‍ അനുമതി.
നിര്‍മാണം ഇഴഞ്ഞുനീങ്ങുകയും വ്യാപകമായി ക്രമക്കേട് നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചത്. ഉപരോധ സമരം മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ഹാരിസ് ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത് അംഗങ്ങളായ പി സഹിഷ്ണ, നസീമ, ഗോകുല്‍ദാസ് കോട്ടയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it