wayanad local

കല്‍പ്പറ്റ നഗരസഭയില്‍ ഹാള്‍ട്ടിങ് പ്ലേസില്ല;ഓട്ടോത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന്





കല്‍പ്പറ്റ: നഗരസഭയില്‍ 2008നു ശേഷം ഓട്ടോറിക്ഷാ ഹാള്‍ട്ടിങ് പ്ലേസ് അനുവദിക്കാത്തത് നിരവധി ഓട്ടോത്തൊഴിലാളികളെ ദുരിതത്തിലാക്കി. ഒമ്പതു വര്‍ഷമായി നഗരത്തില്‍ പുതുതായി ഹാള്‍ട്ടിങ് പ്ലേസ് അനുവദിച്ചിട്ടില്ല. ഇതിനെതിരേ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് തങ്ങളെന്ന് ഓട്ടോത്തൊഴിലാളികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2008നു ശേഷം 150ഓളം പുതിയ ഓട്ടോറിക്ഷകള്‍ കല്‍പ്പറ്റ നഗരസഭയില്‍ എത്തിയിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ് പ്ലേസ് അനുവദിക്കണമെന്ന ആവശ്യവുമായി കല്‍പ്പറ്റ നഗരസഭയിലും ആര്‍ടി ഓഫിസിലും നിരന്തരം ബന്ധപ്പെട്ടിട്ടും ഇതുവരെയായി യാതൊരു നടപടികളും ഉണ്ടായിട്ടില്ല. നഗരസഭയിലെ സ്ഥിരം താമസക്കാരായ ഓട്ടോത്തൊഴിലാളികള്‍ക്ക് ഹാള്‍ട്ടിങ് പ്ലേസ് നല്‍കണമെന്നാണ് ആവശ്യം. ഹാള്‍ട്ടിങ് പ്ലേസ് ആവശ്യപ്പെട്ടതനുസരിച്ച് ആര്‍ടി വിളിച്ച യോഗങ്ങളില്‍ ട്രേഡ് യൂനിയനെ പ്രതിനിധീകരിച്ച് നേതാക്കള്‍ പങ്കെടുക്കുകയും 2008ന് ശേഷം വാങ്ങിയ ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ് പ്ലേസ് അനുവദിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ 150ഓളം ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ് പ്ലേസ് ഇല്ലാത്ത അവസ്ഥയാണ്. തങ്ങള്‍ ട്രേഡ് യൂനിയനുകളില്‍ അംഗമല്ലാത്തിനാല്‍ തങ്ങള്‍ക്കുവേണ്ടി ആര്‍ടിഒ വിളിക്കുന്ന മീറ്റിങുകളില്‍ വാദിക്കാന്‍ പോലുമാരുമില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഏക ഉപജീവനമാര്‍ഗമെന്ന നിലയിലാണ് ഓട്ടോറിക്ഷ വാങ്ങിയത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ 51 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനായി ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കുകയും അതുപ്രകാരം വിവിധ യൂനിയനുകളുടെയും നഗരസഭയുടെയും വാദം കേട്ടശേഷം വിധി തിയ്യതി മുതല്‍ രണ്ടു മാസത്തിനുള്ളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ് പ്ലേസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് പോലും പാലിക്കാതെ നഗരസഭയും ആര്‍ടിഒയും വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പരാതി നല്‍കി. ഇവിടെ നിന്നും ഹാള്‍ട്ടിങ് പ്ലേസ് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവണമെന്ന് ഉത്തരവ് നല്‍കി. ഇതോടെ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നഗരസഭാ കൗണ്‍സില്‍ കൂടുകയും 100 ഓട്ടോറിക്ഷകള്‍ക്ക് പുതിയതായി ഹാള്‍ട്ടിങ് പ്ലേസ് നല്‍കാന്‍ തീരുമാനമാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആര്‍ടിഒ അപേക്ഷ സ്വീകരിച്ച് പണം അടയ്ക്കുകയും ചെയ്‌തെങ്കിലും അഞ്ചു മാസമായിട്ടും നടപടികള്‍ നീട്ടിക്കൊണ്ടുപോവുകയാണ്. ഇതിനെതിരേ കലക്‌റേറ്റിന് മുന്നിലും ആര്‍ടി ഓഫിസിന് മുന്നിലും ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. നടപടിയില്ലെങ്കില്‍ ദേശീയപാത ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും സമരസമിതി അംഗങ്ങളായ കെ പ്രകാശന്‍, എം കൃഷ്ണന്‍കുട്ടി, കുഞ്ഞപ്പഹാജി, സി സെയ്തലവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it