wayanad local

കല്‍പ്പറ്റ നഗരം ഇനി നിരീക്ഷണത്തില്‍



കല്‍പ്പറ്റ: കൈനാട്ടി മുതല്‍ കല്‍പ്പറ്റ ട്രാഫിക് ജങ്ഷന്‍ വരെയുള്ള നഗരഭാഗങ്ങള്‍ നിരീക്ഷണ കാമറയുടെ പരിധിയിലാക്കുന്നു. സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോലിസ് സ്റ്റേഷനില്‍ നടന്ന ആലോചനാ യോഗത്തിലാണ് തീരുമാനം. ഇതിനായി ഈ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും സിസിടിവി കാമറകള്‍ പ്രയോജനപ്പെടുത്തും. ഇവിടങ്ങളില്‍ പതിയുന്ന ദൃശ്യങ്ങള്‍ പോലിസിന് നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സജ്ജീകരിക്കും. ഇതിനായി പോലിസ് ശാസ്തീയമായ പ്രൊജക്റ്റ് രണ്ടാഴ്ചയ്ക്കകം തയ്യാറാക്കും. എംപി, എംഎല്‍എ ഫണ്ടുകള്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഫണ്ടുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തും. വ്യാപാരി വ്യവസായികളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുക. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോഡരികിലെ അനാവശ്യ ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകള്‍ നീക്കം ചെയ്യും. അനധികൃത ബോര്‍ഡുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവയും നീക്കും. ചരക്കുവാഹനങ്ങള്‍, ഓട്ടോ പാര്‍ക്കിങ് തുടങ്ങിയ വിഷയങ്ങള്‍ ട്രേഡ് യൂനിയനുകളുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്താനാണ് തീരുമാനം. െൈകനാട്ടി ജനറല്‍ ആശുപത്രിക്ക് സമീപം ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും നടപടി സ്വീകരിക്കും. ചരക്കുലോറിയടക്കമുള്ള വലിയ വാഹനങ്ങള്‍ ബൈപാസ് വഴി മാത്രമാണ് ഇനി കടത്തിവിടുക. രാവിലെയും വൈകീട്ടും നഗരത്തില്‍ ഗതാഗതക്കുരുക്ക് നേരിടുന്നതിനാല്‍ ഈ സമയങ്ങളില്‍ വാഹനനിയന്ത്രണം ശക്തമാക്കും. നിലവില്‍ ബൈപാസ് ഒഴിവാക്കി ഒട്ടനവധി വലിയ വാഹനങ്ങള്‍ നഗരപാതയിലൂടെ പോവുന്നതിന് ഇതോടെ നിയന്ത്രണമാവും. ബസ്സുകള്‍ ടൗണിലെ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. തോന്നിയതുപോലെ നിര്‍ത്തുന്നതു ടൗണില്‍ ഗതാഗത തടസ്സത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. യോഗത്തില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി പി ആലി, എഎസ്പി ചൈത്ര തെരേസ് ജോണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it