wayanad local

കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് ഫണ്ട് അനുവദിക്കും: മന്ത്രി

കല്‍പ്പറ്റ: ആറു മാസം മുമ്പ് പണി പൂര്‍ത്തിയായിട്ടും സാങ്കേതിക കാരണങ്ങളാല്‍ ഇനിയും പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്ത കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് ഫണ്ട് അനുവദിക്കുമെന്നു ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് അറിയിച്ചു.
ആശുപത്രിയല്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കല്‍പ്പറ്റ ജനറല്‍ ആശുപത്രി മാതൃകാ ആശുപത്രിയായി വികസിപ്പിക്കണം. ആശുപത്രിയില്‍ ശുചിത്വം ഉറപ്പുവരുത്തണം. ആശുപത്രി മണമില്ലാത്ത ആശുപത്രിയാക്കി മാറ്റണം. ശുചിത്വം ഉറപ്പുവരുത്താന്‍ എംഎല്‍എ തന്നെ നേരിട്ടിറങ്ങണമെന്ന് പുനലൂര്‍ താലൂക്കാശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റിയതിന്റെ ഉദാഹരണം നിരത്തി മന്ത്രി അഭിപ്രായപ്പെട്ടു.
അടുക്കളമാലിന്യം വീട്ടില്‍ തന്നെ കംപോസ്റ്റാക്കി സംസ്‌കരിക്കാന്‍ സാധിക്കുമെന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ താന്‍ നടപ്പാക്കിയ ഗാര്‍ഹിക മാലിന്യ സംസ്‌കരണം വിശദീകരിച്ച് മന്ത്രി പറഞ്ഞു.
ജില്ലാ വികസന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ടത്ര മുന്‍കൂര്‍ സമയം നല്‍കി ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗുകളുടെ നിരോധനം കൊണ്ടുവരുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. എല്ലാ വീടുകളിലും കംപോസ്റ്റ് എന്ന മന്ത്രിയുടെ ആശയം പൊതുജന മുന്നേറ്റത്തിലൂടെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനറല്‍ ആശുപത്രി പണി പൂര്‍ത്തിയാക്കി എത്രയും വേഗം ഉദ്ഘാടനം ചെയ്യുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സന്‍ ബിന്ദു ജോസ്, വൈസ് ചെയര്‍മാന്‍ എ പി ഹമീദ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ ബിജോയ്, നഗരസഭാ കൗണ്‍സിലര്‍മാരായ പി പി ആലി, കെ അജിത, സുരേഷ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it