കല്‍പന അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടി കല്‍പന (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഹൈദരാബാദിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തില്‍.
നാഗാര്‍ജുന നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തിയ കല്‍പനയെ അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ രാവിലെ ആറോടെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. കല്‍പനയുടെ സഹായിയും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയം, കരള്‍ സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു.
മൃതദേഹം വിമാനമാര്‍ഗം ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരിയില്‍ എത്തിക്കും. തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുപോവും. ഉച്ചയ്ക്ക് രണ്ടു മുതല്‍ തൃപ്പൂണിത്തുറ നഗരസഭ ഇന്ദിരാ പ്രിയദര്‍ശിനി ലായം കൂത്തമ്പലം ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകീട്ട് അഞ്ചിനു തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. നാടകപ്രവര്‍ത്തകരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി 1965 ഒക്ടോബര്‍ അഞ്ചിന് ജനനം. 1977ല്‍ 'വിടരുന്ന മൊട്ടുകള്‍' എന്ന ചിത്രത്തില്‍ ബാലതാരമായി ചലച്ചിത്ര ലോകത്തെത്തി. 13ാം വയസ്സില്‍ എംടിയുടെ 'മഞ്ഞ്', അരവിന്ദന്റെ 'പോക്കുവെയില്‍' എന്നീ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ചു. നിരവധി തമിഴ്ചിത്രങ്ങളിലും കന്നഡയിലും തെലുങ്കിലും മികവ് കാഴ്ചവച്ചു.
2012ല്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'ചാര്‍ളി'യാണ് കല്‍പനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സംവിധായകന്‍ അനിലിനെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ശ്രീമയിയാണ് മകള്‍. സഹോദരങ്ങള്‍: നടിമാരായ കലാരഞ്ജിനി, ഉര്‍വശി, കമല്‍ റോയി, പ്രിന്‍സ്.
Next Story

RELATED STORIES

Share it