കല്‍ക്കരി കുംഭകോണം: നവീന്‍ ജിന്‍ഡാലിനെതിരേ കൂടുതല്‍ കുറ്റം ചുമത്തണം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് കല്‍ക്കരി അഴിമതിക്കേസില്‍ വ്യവസായി നവീന്‍ ജിന്‍ഡാലിനും കൂട്ടുപ്രതികള്‍ക്കുമെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. അമര്‍കൊണ്ട മുര്‍ഗദന്‍ഗല്‍ മേഖലയില്‍ കല്‍ക്കരിപ്പാടം അനുവദിക്കുന്നതിനായി ജിന്‍ഡാലും കൂട്ടരും കൈക്കൂലി വാഗ്ദാനം ചെയ്തു എന്നാണ് പുതിയ കേസ്.
കേസില്‍ നവീനു പുറമേ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, മുന്‍ കല്‍ക്കരി സഹമന്ത്രി ദസരി നാരായണ്‍ റാവു, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത തുടങ്ങി 15ഓളം പേര്‍ക്കെതിരേ പ്രത്യേക വിചാരണക്കോടതി കുറ്റം ചുമത്തിയിരുന്നു. വഞ്ചന, അന്യായ ഗൂഢാലോചന, അഴിമതി നിരോധനപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയത്. 2008ല്‍ ജിന്‍ഡാല്‍ കമ്പനിയുടേത് അടക്കമുള്ള അഞ്ച് കമ്പനികള്‍ക്ക് അമര്‍കൊണ്ട കല്‍ക്കരി ബ്ലോക്ക് നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കുറ്റം ചുമത്തുന്നതിനു മുന്നോടിയായി നടന്ന വാദപ്രതിവാദത്തിനിടെ നേരത്തേ കോടതി അഭിപ്രായപ്പെട്ടിരുന്നു. നവീനു പുറമേ ജിന്‍ഡാല്‍ സ്റ്റീല്‍ ഉപദേഷ്ടാവ് ആനന്ദ് ഗോയല്‍, നിഹാര്‍ സ്‌റ്റോക്ക് ലിമിറ്റഡ് ഡയറക്ടര്‍ ബിഎസ്എന്‍ സൂര്യനാരായണന്‍, മുംബൈ കമ്പനി എസ്സാര്‍ പവര്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സുശീല്‍ കുമാര്‍ മാരു എന്നിവര്‍ക്കെതിരേയും കേസില്‍ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ മഹാരാഷ്ട്ര ആസ്ഥാനമായ ജയ്‌സ്വാള്‍ നികോ ഇന്‍ഡസ്ട്രിയുടെ 101 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) കണ്ടുകെട്ടി.
Next Story

RELATED STORIES

Share it