കല്‍ക്കരിപ്പാടം അഴിമതിക്കേസ്: മധു കോഡയ്‌ക്കെതിരായ ശിക്ഷ 22 വരെ സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്‌ക്കെതിരേ സിബിഐ പ്രത്യേക കോടതി വിധിച്ച ശിക്ഷ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നുവര്‍ഷത്തെ ജയില്‍ശിക്ഷയും 25 ലക്ഷം രൂപ പിഴയൊടുക്കാനുമായിരുന്നു ഡിസംബര്‍ 16നു സിബിഐ പ്രത്യേക വിചാരണക്കോടതി വിധിച്ചിരുന്നത്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ജനുവരി 22 വരെയാണ് സ്‌റ്റേ. അതുവരെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടും ജസ്റ്റിസ് അനു മല്‍ഹോത്ര ഉത്തരവിട്ടു. രാജ്യം വിട്ടുപോവരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തന്റെ അപ്പീല്‍ പരിഗണിക്കുന്നതു വരെ വിധി നടപ്പാക്കരുതെന്നും സ്ഥിരം ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കോഡയുടെ അപ്പീല്‍ സിബിഐ അഭിഭാഷക കോടതിയില്‍ എതിര്‍ത്തെങ്കിലും ഇടക്കാല ജാമ്യത്തെ എതിര്‍ത്തില്ല. രാജ്ഹര കല്‍ക്കരിപ്പാടം വിനി അയണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗിന് (വിസുല്‍) അനുവദിച്ചതില്‍ ക്രമക്കേട് നടന്നെന്നതാണ് കേസ്. കേസില്‍ വിസുല്‍ 50 ലക്ഷം രൂപ പിഴയൊടുക്കണമെന്ന വിധിയും 22 വരെ സ്‌റ്റേ ചെയ്തിട്ടുണ്ട്.
മധു കോഡയ്ക്കു പുറമേ, കല്‍ക്കരിമന്ത്രാലയം മുന്‍ സെക്രട്ടറി എച്ച് സി ഗുപ്ത, ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ കെ ബസു എന്നിവരും കുറ്റക്കാരാണെന്നു സിബിഐ കോടതി കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it