കല്‍ക്കരിപ്പാടം അഴിമതിക്കേസ്; സിബിഐ ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍

ഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘത്തില്‍പ്പെട്ട ചില സിബിഐ ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയെന്ന് അന്വേഷണ സംഘത്തിലെ പേരു വെളിപ്പെടുത്താത്ത സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സത്യസന്ധനായ ഒരു ഓഫിസര്‍ എന്ന് എഴുതി ഒപ്പിട്ട് സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയ്ക്ക് എഴുതിയ കത്തിലാണ് ആരോപണം.
മാര്‍ച്ച് അവസാനമയച്ച കത്ത് ഒരു ദേശീയ മാധ്യമമാണ് കത്ത് പുറത്തുവിട്ടത്. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും അട്ടിമറിക്കാനുമായി മേലുദ്യോഗസ്ഥര്‍ കോടികള്‍ കോഴ വാങ്ങുന്നുവെന്നാണ് ആരോപണം.
അന്വേഷണം അവസാനിപ്പിച്ചുവെന്ന് സുപ്രിംകോടതിയെ അറിയിച്ച ചില കേസുകള്‍ കൈക്കൂലി കിട്ടാത്തതിന്റെ പേരില്‍ പുനരന്വേഷണം നടത്തുന്നതായും ആരോപണമുണ്ട്. സിബിഐ ഡയറക്ടറുടെ പേരിലാണ് പണം വാങ്ങുന്നതെന്നും ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും കത്തില്‍ പറയുന്നു.
കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന്‍ തന്നെയാണ് കത്തയച്ചതെന്ന് സ്ഥിരീകരിച്ചതായും പത്രം അവകാശപ്പെടുന്നു.
2005ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ച സമയത്താണ് ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്. എന്നാല്‍, യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം. ഹിന്‍ഡാല്‍കോയ്ക്ക് പാടം നല്‍കാന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ശൂപാര്‍ശ ചെയ്തതായും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
എന്നാല്‍, ആരോപണങ്ങളോട് സിബിഐ ഔദ്യോഗികമായി പ്രതിരിച്ചിട്ടില്ല. സുപ്രിംകോടതി നിര്‍ദേശപ്രകാരം ഖനി അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഏജന്‍സിക്കാവില്ലെന്ന് കത്തുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സിബിഐ പ്രതികരിച്ചു.
Next Story

RELATED STORIES

Share it