thiruvananthapuram local

കല്ല് ക്ഷാമം; വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: പുലിമുട്ടിനായി ആവശ്യത്തിന് പാറ ലഭിക്കാത്തതിനെ തുടര്‍ന്ന്്് വിഴിഞ്ഞം തുറമുഖ നിര്‍മാണം വീണ്ടും പ്രതിസന്ധിയിലേക്ക്്.
കിളിമാനൂര്‍ മടവൂരിലെ ആയിരവല്ലി പാറമടയാണ് ഘനനം നടത്താനായി തുറമുഖ നിര്‍മാണ കരാറുള്ള അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കിയിരുന്നത്്്. എന്നാല്‍ പരിസ്ഥിതി പ്രശ്‌നം ഉന്നയിച്ച് പറമടയോട് ചേര്‍ന്ന് നാട്ടുകാര്‍ നടത്തുന്ന സമരം തുറമുഖ നിര്‍മാണത്തിന് തിരിച്ചടിയാവുകയാണ്.
പാറക്ഷാമം മൂലം പുലുമുട്ടിന്റെ നിര്‍മാണം നിറുത്തിവച്ചത് ഉള്‍പ്പെടെയുള്ള നിലവിലെ പ്രതിസന്ധികള്‍ അദാനി കമ്പനി അധികൃതര്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തി. പാറക്ഷാമം പരിഹരിക്കാനുള്ള ശ്രമം തുടര്‍ച്ചയായി തടസ്സപ്പെടുന്നതു മൂലം പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. പാറക്ഷാമത്തിന്റെ പേരില്‍ പദ്ധതി തടസ്സപ്പെടില്ലെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രശ്‌നപരിഹാരത്തിനുശേഷം മന്ത്രിക്ക് റിപോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നഗരൂരിലെ ആയിരവല്ലി പാറമട ഘനനത്തിനുള്ള അനുമതി അദാനിക്കു നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പരിസ്ഥിതിപ്രശ്‌നം ഉന്നയിച്ചുള്ള പ്രദേശവാസികളുടെ സമരത്തിന് സിപിഎം ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയുണ്ട്.
വിഷയത്തില്‍ ചിറയീന്‍കീഴ് തഹസീല്‍ദാര്‍ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തദ്ദേശവാസികളുടെയും സാമൂഹികപ്രവര്‍ത്തകരെന്ന പേരിലും ചിലര്‍ മനപ്പൂര്‍വം സമരത്തിന് പിന്തുണ നല്‍കി പാറഖനനം തടസ്സപ്പെടുത്തുകയാണ്.
പാറഘനനത്തിന് മുമ്പ് അപേക്ഷിച്ചിട്ട് അനുമതി ലഭിക്കാത്തവരും സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടെന്നാണ് വിവരം. കലക്ടര്‍ ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. തുറമുഖ മന്ത്രിക്ക് പുറമേ വ്യവസായ മന്ത്രി എസി മൊയ്തീനെയും അദാനി പ്രതിനിധികള്‍ കണ്ട് പ്രതിസന്ധി അറിയിച്ചിരുന്നു. പാറക്ഷാമം മൂലം പുലിമുട്ട് നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ഇതെത്തുടര്‍ന്ന് റവന്യു വകുപ്പും കൂടി മുന്‍ കൈയെടുത്താണ് നഗരൂരുള്ള പാറമട കണ്ടെത്തുകയും അനുമതി നല്‍കുകയും ചെയ്തത്.
Next Story

RELATED STORIES

Share it