palakkad local

കല്ലേപ്പുള്ളി റൂട്ടില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സ്ഥിരം പ്രശ്‌നം; യാത്രക്കാര്‍ വലയുന്നു

പാലക്കാട്: കല്ലേപ്പുള്ളി റൂട്ടില്‍ ബസ് ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നം യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസം ബസ് ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നം കാരണം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ബസ്സുകളുടെ മിന്നല്‍ പണിമുടക്കിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചില ബസ് ഉടമകളും ജീവനക്കാരുമാണ് റൂട്ടില്‍ യാത്രക്കാരെ വലയ്ക്കുന്ന സമീപനം സ്വീകരിക്കുന്നത്. മലമ്പുഴ എസ്‌ഐ ആര്‍ വിജയകുമാരന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നു സമരം അവസാനിപ്പിക്കുകയും ഇന്നലെ സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ജനങ്ങളുടെ അമര്‍ഷം കുറഞ്ഞിട്ടില്ല. കല്ലേപ്പുള്ളി—കൊട്ടേക്കാട് റോഡ് നവീകരണം നടക്കുന്നതിനാല്‍ 31 വരെ ഇതുവഴി സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്.  ഇതുവഴിയുള്ള അഞ്ചു ബസുകളും വേനോലി വഴിയാണു കല്ലേപ്പുള്ളിയിലേക്കു പോകുന്നത്. കൊട്ടേക്കാട് റൂട്ടിലെ ബസുകള്‍ വേനോലി വഴി പോകുമ്പോള്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും സംബന്ധിച്ചായിരുന്നു തര്‍ക്കം. ഈ ബസ്സുകളില്‍ ആളുകള്‍ കയറുന്നതു വേനോലിയിലൂടെ നിലവില്‍ സര്‍വീസ് നടത്തുന്ന അഞ്ചു ബസുകളുടെ വരുമാനത്തെ ബാധിക്കുന്നതായി ബസ് ഉടമകള്‍ പറയുന്നു. ഇതു സംബന്ധിച്ചു രാവിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നായിരുന്നു ബസുകളുടെ മിന്നല്‍ പണിമുടക്ക്. ജനുവരി മുതല്‍ റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കും.  മുമ്പ് ഇതുവഴി സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പ് അവസാനിപ്പിക്കുന്നതിന് ശ്രമിച്ചതും ഇവരായിരുന്നുവെന്ന് പരാതിയുണ്ട്.
Next Story

RELATED STORIES

Share it