kozhikode local

കല്ലൂര്‍ ബ്രാഞ്ച് കനാല്‍ പൂട്ടി; നാട്ടുകാരുടെ വെള്ളംകുടി മുട്ടി

പേരാമ്പ്ര: കുറ്റിയാടി ജലസേചന പദ്ധതിയുടെ കല്ലൂര്‍ ബ്രാഞ്ച് കനാല്‍ പൂട്ടി. രണ്ടു ദിവസമായി കനാലില്‍ വെള്ളമില്ല. ഇതോടെ പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് മേഖലയിലുള്ളവര്‍ കൊടും ചൂടില്‍ ബുദ്ധിമുട്ടുകയാണ്. കുടിവെള്ള സ്രോതസ്സുകള്‍ വറ്റി വരളാനും പച്ചക്കറി കൃഷി ഉള്‍പ്പെടെ നശിക്കാനും തുടങ്ങിയിട്ടുണ്ട്. മേഖലയിലെ പല ജലനിധി പദ്ധതികള്‍ക്കും കനാല്‍ പൂട്ടിയത് ഭീഷണിയാണ്. ഇടവിള, പച്ചക്കറി കൃഷികള്‍ കരിഞ്ഞുണങ്ങി തുടങ്ങി. പേരാമ്പ്ര ഫെസ്റ്റിന്റെ ഭാഗമായി വിവിധ സ്റ്റാളുകള്‍ തുടങ്ങുന്ന സീഡ് ഫാം പരിസരത്ത് കനാല്‍ വെള്ളം എത്തുന്നത് തടയാനാണ് പൂട്ടിയത്.
പത്തു ദിവസത്തേക്കാണു കനാല്‍ പൂട്ടിയതെന്നാണു ഇറിഗേഷന്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഇടതുകര പ്രധാന കനാലിന്റെ പാണ്ടിക്കോട് ഭാഗത്തു നിന്നാണ് കല്ലൂര്‍ ബ്രാഞ്ച് കനാല്‍ തുടങ്ങുന്നത്. 12 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുമിത്. ഇത്രയൂം ദൂരത്തിലുള്ള ജനങ്ങളാണു കഷ്ടപ്പെടുന്നത്. ഇതിനു മുമ്പ് കൊടും വേനലില്‍ കനാല്‍ പൂട്ടിയ ചരിത്രമുണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പേരാമ്പ്ര ഫെസ്റ്റ് നടക്കുന്നത് സര്‍ക്കാര്‍ വിത്തുല്‍ പാദന കേന്ദ്രത്തിന്റെ വയലിലാണ്. ഇവിടെ നിന്നു വെള്ളം ഒഴിവാക്കാനാണു കനാല്‍ പൂട്ടിയതെന്ന സംശയം നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ സംഘടിച്ചു പ്രക്ഷോഭത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ്.
Next Story

RELATED STORIES

Share it