wayanad local

കല്ലൂര്‍ കൊമ്പന്‍ കോടനാട് പരിശീലന കേന്ദ്രത്തില്‍



കല്‍പ്പറ്റ: നൂല്‍പ്പുഴക്കാരെ രണ്ടു വര്‍ഷത്തോളം ഭീതിയിലാഴ്ത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് പിടികൂടിയ കല്ലൂര്‍ കൊമ്പനെ പരിശീലനകേന്ദ്രമായ പെരുമ്പാവൂര്‍ കോടനാട് കപ്രിക്കാടെത്തിച്ചു. കഴിഞ്ഞ നവംബര്‍ 22നാണ് മുത്തങ്ങ കല്ലൂര്‍ 67ല്‍ വച്ച് 26 വയസ്സുള്ള കൊമ്പനെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലാക്കിയത്. സ്ഥിരമായി പ്രദേശത്തിറങ്ങി വിളകള്‍ നശിപ്പിക്കുകയും കര്‍ഷകനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ദേശീയപാത ഉപരോധമടക്കം നടത്തിയിരുന്നു. കാട്ടില്‍ നിന്നു നൂല്‍പ്പുഴയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കൊമ്പന്‍ കൃഷി വ്യാപകമായി നശിപ്പിച്ചതോടെ പല തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും വനംവകുപ്പ് ചെയ്തിരുന്നു. എന്നിട്ടും നാശംവിതച്ച ആന നാട്ടുകാര്‍ക്ക് നിരന്തര ശല്യമായി മാറിയപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടു. പിന്നീടാണ് മയക്കുവെടി വച്ച് പിടികൂടിയത്. പിടികൂടിയ ദിവസം കോടനാട് കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കുന്ന കൊമ്പനെ അവിടെ എത്തുക്കുക പ്രയാസകരമായതിനാല്‍ അല്‍പം ഇണങ്ങിയതിനു ശേഷം ചുരമിറക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ ആനയെ കോടനാടേക്ക് കൊണ്ടുപോവുന്നതിനെതിരെ കെ ബാബു എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും പറമ്പിക്കുളം പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.ഒടുവില്‍ ആന ഏറെക്കുറെ ഇണങ്ങിയ പശ്ചാത്തലത്തിലാണ് കോടനാടേക്ക് കഴിഞ്ഞ ദിവസം കൊണ്ടുപോയത്. കല്ലൂര്‍ കൊമ്പന് വേണ്ടി വനംവകുപ്പ് കപ്രിക്കാട് യൂക്കാലി തടിയില്‍ താല്‍ക്കാലിക കൂട് നിര്‍മിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ അവിടെ എത്തിച്ച ആനയെ വൈകീട്ട് ഏഴോടെയാണ് താപ്പാനകളുടെ സഹായത്തോടെ കൂട്ടിലേക്ക് കയറ്റിയത്. വാഹനത്തില്‍ കയറ്റിയപ്പോള്‍ കുറച്ച് അനുസരണക്കേട് കാണിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ മയക്കുമരുന്ന് കുത്തിവച്ചാണ് വാഹനത്തില്‍ കയറ്റിയതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ അവശതയിലായ ആന കിടക്കാന്‍ ശ്രമിച്ചെങ്കിലും അതിന് അനുവദിച്ചില്ല. പിന്നീട് ആനയുടെ കെട്ടെല്ലാം അഴിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ ശാന്തനായി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വയനാടിന്റെ സ്വന്തം കല്ലൂര്‍ കൊമ്പനെ താപ്പാനകള്‍ കൂട്ടിലേക്ക് തള്ളിക്കയറ്റി. കല്ലൂര്‍ കൊമ്പന്‍ കൂടി വന്നതോടെ കപ്രിക്കാട് ആറ് ആനകളായി.
Next Story

RELATED STORIES

Share it