Pathanamthitta local

കല്ലിശ്ശേരി കുടിവെള്ള പദ്ധതിയില്‍ ഇന്നലെയും പമ്പിങ് നടന്നില്ല

തിരുവല്ല: കല്ലിശ്ശേരി കുടിവെള്ള പദ്ധതിയില്‍ ഇന്നലെയും പമ്പിങ് നടന്നില്ല. രണ്ട് നഗരസഭകളിലും, രണ്ട് പഞ്ചായത്തുകളിലും ഇന്നലെയും ജലവിതരണം മുടങ്ങി.
എംസി റോഡ് വികസന പദ്ധതിയുടെ ഭാഗമായി പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ കഴിഞ്ഞ എട്ടു മുതല്‍ നടന്നു വന്നിരുന്നതിനാല്‍ പമ്പിങ് മുടങ്ങിയതിനെ തുടര്‍ന്ന് തിരുവല്ല, ചങ്ങനാശ്ശേരി എന്നീ നഗരസഭകളിലും, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലും ജല വിതരണം തടസ്സപ്പെട്ടിരുന്നു. പൈപ്പ് മാറ്റി സ്ഥാപിക്കല്‍ ജോലികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചതോടെ ഇന്നലെ പമ്പിങ് പുനരാരംഭിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും മഴുക്കീര്‍ ഭാഗത്ത് ചോര്‍ച്ച അനുഭവപ്പെട്ടതോടെയാണ് പമ്പിങ് നടത്താന്‍ കഴിയാതെ വന്നത്.
ഇന്നലെ രാവിലെ പൈപ്പിലെ ചെളിയും മണ്ണും നീക്കം ചെയ്യാന്‍ പമ്പിങ് നടത്തിയപ്പോഴാണ് മഴുക്കീര്‍ ഭാഗത്ത് ചോര്‍ച്ച കണ്ടത്.
ഇതോടെ പമ്പിങ് നിര്‍ത്തി, ചോര്‍ന്നൊലിച്ച് കഴിയില്‍ നിറഞ്ഞ വെള്ളവും പൈപ്പിലെ വെള്ളവും ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് നീക്കുകയായിരുന്നു.
തുടര്‍ന്ന് ഈ ഭാഗത്ത് ഏതാനും പൈപ്പ് വെല്‍ഡിങ് സെറ്റ് ഉപയോഗിച്ച് മുറിച്ചു മാറ്റി പകരം പൈപ്പ് വെല്‍ഡ് ചെയ്ത് ചേര്‍ക്കുകയും ചെയ്തു. ചോര്‍ച്ച പൂര്‍ണമായും പരിഹരിക്കണമെങ്കില്‍ ഇവിടുത്തെ ജോയിന്റ് കൂടി മാറ്റി പകരം ജോയിന്റ് പിടിപ്പിക്കേണ്ടതുണ്ട്.
ഇതിനായി പണി ആരംഭിച്ചിരിക്കയാണ്. ഇന്ന് വൈകീട്ട് പണി പൂര്‍ത്തിയാക്കി പമ്പിങ് പുനരാരംഭിക്കാമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it