Pathanamthitta local

കല്ലാറ്റില്‍ കണ്ട കാട്ടാനക്കുട്ടിക്ക് പരിചരണം നല്‍കാനുള്ള ശ്രമം പരാജയപ്പെട്ടു

കോന്നി: തണ്ണിത്തോട് കല്ലാറ്റിലില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനകുട്ടിയെ മയക്കുവെടി വച്ച് വരുതിയിലാക്കി പരിചരണം നല്‍കുന്നതിനുള്ള വനപാലകരുടെ ശ്രമം പരാജപ്പെട്ടു. ഇന്നലെ വനംവകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ മയക്ക് വെടി വച്ച് ആനയെ ചികില്‍സിക്കുന്നതിനായിരുന്നു വനപാലകരുടെ ശ്രമം.
എന്നാല്‍ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞ ആനയെ ഏറെ നേരം തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സംഘം പിന്‍വാങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അള്ളുങ്കല്‍ തിരിക്കയത്തിനു സമീപം കല്ലാറ്റില്‍ അവശനിലയില്‍ കാട്ടാനക്കുട്ടിയെ കണ്ടത്. ഏകദേശം മൂന്നു വയസ്സുള്ള ആനക്കുട്ടിയുടെ വായിലെ മുറിവ് പഴുത്ത് നീര് വച്ചിരുന്നു. കല്ലാറിന്റെ ഒരു കര പ്ലാന്റേഷന്‍ കോര്‍പറേഷന്‍ റബര്‍ തോട്ടവും മറുകര നിക്ഷിപ്ത വനവുമാണ്. ആനക്കുട്ടി വനത്തില്‍ നിന്ന് വെള്ളം കുടിക്കാനെത്തിയതാവുമെന്ന് കരുതി കണ്ടവരൊന്നും ആദ്യം ഗൗനിച്ചില്ല. ഏറെ വൈകീയും കാട്ടാനക്കുട്ടി മടങ്ങാതായതോടെയാണ് വിവരം അറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തിയത്.
ഇതിനിടയില്‍ ഒരാള്‍ കല്ലാറ്റിലെ തിരിക്കയത്തിലൂടെ നീന്തി മറുകരയിലെ വനത്തിലെത്തി. ഒച്ചവച്ച് ആനക്കുട്ടിയുടെ ശ്രദ്ധ തിരിച്ചു.
പെട്ടെന്ന് കരയ്ക്ക് കയറിയ കാട്ടാനക്കുട്ടി യുവാവിനെ കുറെ ദൂരം ഓടിച്ചു. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് തിരിഞ്ഞോടിയ ആനക്കുട്ടി ഈറ്റക്കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു.
Next Story

RELATED STORIES

Share it