Idukki local

കല്ലാര്‍ പുഴയിലെ തടയണയില്‍ മാലിന്യക്കൂമ്പാരം

നെടുങ്കണ്ടം: കല്ലാര്‍ പുഴയിലെ താന്നിമൂട് ഭാഗത്തുള്ള തടയണയില്‍ മാലിന്യം വന്‍തോതില്‍ തള്ളുന്നതായി പരാതി. ഇതോടെ, ഈ ഭാഗത്തുള്ള ജനങ്ങള്‍ക്ക് വെള്ളം കോരാന്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നു. മാലിന്യം ചീഞ്ഞളിയുന്നതിനാല്‍ ദുര്‍ഗന്ധവും വമിക്കുകയാണ്. സാംക്രമികരോഗ ഭീതിയും നിലനില്‍ക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് സ്‌റ്റേഷന് സമീപം നിര്‍മിച്ച തടയണയിലാണു മാലിന്യങ്ങള്‍ സാമൂഹിക വിരുദ്ധര്‍ വലിച്ചെറിയുന്നത്. കോഴിയുടെ അവശിഷ്ടങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍, മദ്യക്കുപ്പികള്‍, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ തുടങ്ങിയവ വലിച്ചെറിയുന്ന കേന്ദ്രമായി പമ്പിങ് സ്‌റ്റേഷന് സമീപത്തെ തടയണ മാറി. ഈ മാലിന്യം നിറഞ്ഞ വെള്ളമാണ് വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്ത് നെടുങ്കണ്ടം, കല്ലാര്‍, താന്നിമൂട്, മുണ്ടിയെരുമ തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നത്. ഇത് കൂടാതെ മാലിന്യങ്ങള്‍ ഒഴുകി കല്ലാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വ്യാപിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ വഴിയൊരുക്കുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ഥലത്ത് പോലിസിന്റെ നൈറ്റ് പട്രോളിങ് നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it