Idukki local

കല്ലാര്‍ എല്‍പി സ്‌കൂളിലെ ഭക്ഷണവിതരണം; വന്‍ ക്രമക്കേടെന്ന് ആക്ഷേപം

തൊടുപുഴ: കല്ലാര്‍ എല്‍പി സ്‌കൂളിലെ ഭക്ഷണവിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നെന്നു തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുരുന്നുകള്‍ക്ക് വാങ്ങിയ പാലില്‍ അളവുകുറച്ച് പതിനായിരക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നിരിക്കുന്നത്. 2016-17, 2017-18 അധ്യയന വര്‍ഷത്തെ ഭക്ഷണ വിതരണത്തില്‍, പാല്‍ വാങ്ങിയ കണക്ക് സ്‌കൂളില്‍ നിന്ന് പാല്‍ നല്‍കിയ അളവ് മുണ്ടിയെരുമ പട്ടംകോളനി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ നിന്നാണു ലഭ്യമായത്.
2017 ജൂണ്‍ ഒന്നിന് 30 ലിറ്റര്‍ പാല്‍ 1260 രൂപ നിരക്കില്‍ സ്‌കൂളിലേക്ക് വാങ്ങിയതായി സംഘത്തിന്റെ കണക്കില്‍ പറയുന്നു. എന്നാല്‍, തേദിവസം, 396 കുട്ടികള്‍ക്കായി 2100 രൂപയ്ക്ക് 50 ലിറ്റര്‍ പാല്‍ വാങ്ങിയെന്ന് സ്‌കൂളിലെ കണക്കും കാണിക്കുന്നു. ഒറ്റദിവസത്തെ പാല്‍ ഇടപാടില്‍ മാത്രം നടന്നിട്ടുള്ളത് 840 രൂപയുടെ തിരിമറി. അതുപോലെ അതേമാസം ആറാം തിയ്യതി സംഘത്തില്‍ നിന്നു വാങ്ങിയിരിക്കുന്നത് 756 രൂപയ്ക്ക് 18 ലിറ്റര്‍ പാല്‍. സ്‌കൂള്‍ രേഖയില്‍ അന്നും 2100 രൂപയ്ക്ക് 50 ലിറ്റര്‍ പാല്‍ തന്നെ. ആവിയായ തുക 1344 രൂപ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘത്തില്‍ നിന്നു വാങ്ങിയിരിക്കുന്ന പാല്‍ യഥാക്രമം 28, 20, 30, 35 32, 33 എന്നീ ലിറ്റര്‍ പ്രകാരമാണ്. എന്നാല്‍, സ്‌കൂള്‍ രേഖയില്‍ ഇത് 50, 55 ലിറ്ററും ആണ്. വിവരാവകാശ നിയമപ്രകാരമുള്ള മേല്‍കണക്ക് അനുസരിച്ച് സ്‌കൂളിലേക്ക് കുട്ടികള്‍ക്കായി പാല്‍ വാങ്ങിയതില്‍ പതിനായിരക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നു വ്യക്തം. ക്ഷീരസംഘത്തിനു വേണ്ടി സെക്രട്ടറിയും സ്‌കൂള്‍ രേഖകളില്‍ ഹെഡ്മിസ്ട്രസ്സുമാണ് ഒപ്പിട്ടിരിക്കുന്നത്.
കല്ലാര്‍ എല്‍പി സ്‌കൂളിലേക്ക് പാല്‍ വാങ്ങിയ ഇനത്തില്‍ മാത്രം പതിനായിരത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായി സ്‌കൂള്‍ എസ്എംസി ചെയര്‍മാന്‍ റോയി ചാക്കോ, എസ്എംസി അംഗം ലിജു സുരേന്ദ്രന്‍, മുന്‍ എംപിടിഎ പ്രസിഡന്റ് ടി കെ വിജയമ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2017 സപ്തംബറില്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും എഇഒയുടെ ഓഫിസില്‍ നിന്നുള്ള പരിശോധനയില്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും റോയി പറയുന്നു.
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ ഇടുക്കി ഡിഡിഇ എ അബൂബക്കറിനെ നേരില്‍ക്കണ്ട് പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും റോയി ആരോപിച്ചു. സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ അധികാരികളും നടത്തിപ്പ് സമിതിയിലെ ചിലരും തമ്മില്‍ നാളുകളായി വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി പറയുന്നു. ഇതിനിടെയുണ്ടായ വിഴുപ്പലക്കലാണ് അഴിമതി ആരോപണമായും മറ്റും പുറത്തുവരുന്നതെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it