kozhikode local

കല്ലായിപ്പുഴ കൈയേറ്റം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കെ വി ഷാജി സമത

കോഴിക്കോട്: കല്ലായിപുഴയെ വീണ്ടെടുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കിടയില്‍ പുറത്തുവരുന്നത് പുഴകയ്യേറ്റങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍. വിരലില്‍ എണ്ണാവുന്നവര്‍ക്കു മാത്രമേ ഭൂമിയുടെ കൈവശ രേഖകള്‍ ഉള്ളൂ എന്നും ആവശ്യമായ അനുമതി പത്രങ്ങള്‍ ഇല്ലാതെയാണ് മിക്ക മില്ലുകളും മരത്തടികള്‍ സംഭരിച്ചുവെച്ചിട്ടുള്ളതെന്നും ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി സംബന്ധിച്ചതും സര്‍ക്കാര്‍ വക ഭൂമി ഉപയോഗിക്കാനുള്ള അവകാശം നല്‍കിയതുമായ രേഖകള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. കല്ലായിപ്പുഴയുടെ ഇരുകരകളിലേയും ഭൂമികള്‍ സംബന്ധിച്ചും പുഴപുറമ്പോക്ക് സംബന്ധിച്ചുമുള്ള റവന്യൂ രേഖകള്‍ അധികൃതര്‍ ഇതിനകംതന്നെ പരിശോധനക്ക് വിധേയമാക്കി. ഇതിന്റെ അടിസ്ഥാനത്തി ല്‍ തയ്യാറാക്കിയ വിശദമായ റിപോര്‍ട്ട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും പരിപാടിയുണ്ട്. കയ്യേറ്റം ഒഴിപ്പിക്കുന്ന വേളയില്‍ ഉയര്‍ന്നുവരാന്‍ ഇടയുള്ള രാഷ്ട്രീയ ഇടപെടലിന് തടയിടാനാണ് വിഷയം രാഷ്ട്രീയ നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഒഴിപ്പിക്കല്‍ നടപടിക്ക് ഇതോടെ പൊതു അംഗീകരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.നൂറ്റാണ്ടുകളുടെ പഴക്കമുള്ള കല്ലായി മരവ്യവസായ മേഖലയില്‍ എത്ര കച്ചവടക്കാര്‍ ഉണ്ട് എന്നതിന് ഔദ്യോഗികമായി രേഖകള്‍ ഒന്നും തന്നെ ലഭ്യമല്ല.എന്നാല്‍ ഇവിടെ നാനൂറില്‍ അധികം മരക്കച്ചവടക്കാര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഇവരില്‍, മരക്കച്ചവടത്തിന് വനം വകുപ്പില്‍ നിന്നും ലഭിക്കേണ്ട പ്രോപ്പര്‍ട്ടി മാര്‍ക്ക് റജിസ്‌ട്രേഷന്‍ ഉള്ളത് വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ലോകപ്രസിദ്ധമായ കല്ലായിയിലെ മരവ്യവസായത്തെ പരിപോഷിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി സ്വകാര്യ മില്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ മുമ്പ്്്് പുറംപോക്ക്ഭൂമി അനുവദിച്ചിരുന്നു. മില്ലില്‍ എത്തുന്ന മരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഷെഡ്ഡ് പണിയുന്നതിനാണ് ഇത്തരത്തില്‍ പുഴപുറമ്പോക്ക് ഭൂമിഅനുവദിച്ചിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ മരം സൂക്ഷിക്കുന്നതിനുള്ള താല്‍ക്കാലിക ഷെഡ്ഡ് പണിയുന്നതിനായി അനുവദിക്കപ്പെട്ട സ്ഥലത്ത് പലരും തടിമില്ലിനായി കെട്ടിടം പണിതു. ഇത്തരക്കാര്‍ ഷെഡ്ഡിനു പകരം പുഴയെ മരം സൂക്ഷിക്കാനുള്ള ഇടമാക്കി മാറ്റി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാതാറുകള്‍ പോലും സ്വകാര്യ വ്യക്തികള്‍ കയ്യേറി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍.
വര്‍ഷങ്ങളായി ഈ നിയമ ലംഘനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടാതെപോവുകയോ, ശ്രദ്ധയില്‍പെട്ടപ്പോള്‍ രാഷ്്ട്രീയ ഇടപെടല്‍മൂലം തുടര്‍പ്രവര്‍ത്തനങ്ങള്‍ തടയപ്പെടുകയോ ചെയ്തു. തുടര്‍ന്ന്്്് പരിസ്ഥിതി പ്രവര്‍ത്തകരും, തടിവ്യവസായ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചിലരും ഈ കയ്യേറ്റ വിവരങ്ങള്‍ പലകുറി അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവന്നെങ്കിലും നടപടി ഉണ്ടായില്ല. നാടിന്റെ പെരുമ പരത്തിയ വ്യവസായ മേഖലക്ക് ക്ഷീണം സംഭവിക്കും എന്നതിനാല്‍ പല ഉദ്യോഗസ്ഥരും കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിച്ചു.  വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭയുടെ മുന്‍കയ്യില്‍ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രമം നടന്നെങ്കിലും അതും രാഷ്ട്രീയ ഇടപെടലിലൂടെ കയ്യേറ്റക്കാര്‍ നിഷ്പ്രഭമാക്കി. ഇതോടെ കയ്യേറ്റക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാറില്‍ നിന്നും ഭൂമി അനുവദിക്കപ്പെട്ടവരും, കയ്യേറ്റക്കാരില്‍ ചിലരും മറ്റ് കച്ചവടക്കാര്‍ക്ക് ഈ ഭൂമിവാടകക്ക് നല്‍കിയിരിക്കുകയാണെന്നും ജില്ലാ ഭരണകൂടത്തിന് ബോധ്യമായിട്ടുണ്ട്. ഇതേസമയം പുഴയില്‍ നിക്ഷേപിച്ചിട്ടുള്ള മരങ്ങളില്‍ ഏറെയും കൃത്യമായ രേഖകള്‍ ഇല്ലാത്തവയാണെന്നും ആരോപണം ഉയര്‍ന്നു. മരം ക്രയവിക്രയം നടത്തുന്നതിന് ആവശ്യമായ പ്രോപ്പര്‍ട്ടി മാര്‍ക്ക് റജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് മിക്കവരും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നും കണ്ടെത്തി.
നിലവില്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനം മുന്നോട്ടുപോയാല്‍ കല്ലായിപ്പുഴയോരത്തെ നിരവധി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കപ്പെടും. ഇത് കോഴിക്കോടിന്റെ പുഴകയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ പുതിയ ചരിത്രമെഴുതും. ആ ചരിത്രം പ്രതാപം വറ്റിയ കല്ലായിപ്പുഴയുടെ വീണ്ടെടുപ്പിന്റെ ചരിത്രവുമാവും.
Next Story

RELATED STORIES

Share it