kozhikode local

കല്ലാച്ചി-വാണിമേല്‍ റോഡ് പണി ഇഴയുന്നു; നാട്ടുകാര്‍ക്കു ദുരിതം

നാദാപുരം: ഒരു വര്‍ഷം മുമ്പ് പണം അനുവദിച്ച കല്ലാച്ചി വാണിമേല്‍ റോഡിന്റെ പണി ഇഴഞ്ഞു നീങ്ങുന്നു. യാത്രക്കാര്‍ ദുരിതത്തില്‍. രണ്ട് കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മാണം തുടങ്ങി നാലു മാസം കഴിഞ്ഞെങ്കിലും കലുങ്കുകളുടെ പണി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.
കല്ലാച്ചി- വാണിമേല്‍ റോഡിന്റെ വാണിമേലില്‍ നിന്നുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം രണ്ടു വര്‍ഷമായി പണി പൂര്‍ത്തിയാക്കിയിട്ട്. അന്നു തന്നെ ബാക്കിയുള്ള രണ്ട് കിലോ മീറ്റര്‍ ദൂരത്തിന് ഫണ്ടും അനുവദിച്ചു. എന്നാല്‍ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുന്നതിലെ കാലതാമസം മൂലം കഴിഞ്ഞ വര്‍ഷമാണ് ടെണ്ടര്‍ പൂര്‍ത്തിയായത്. റോഡിന് ഇരുവശവും പത്തു മീറ്റര്‍ വീതിയില്‍ വലിപ്പം കൂട്ടി അഴുക്കു ചാല്‍ നിര്‍മിച്ച് താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തി മികച്ച റോഡാക്കി മാറ്റാനാണ് എസ്റ്റിമേറ്റ്. ഏറെക്കാലത്തെ മുറവിളിക്കു ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് റോഡ് പണി ആരംഭിച്ചത്. വീതി കൂട്ടലിന്റെ ആദ്യഘട്ടത്തില്‍ വേഗത്തില്‍ പണി നടന്നിരുന്നെങ്കിലും പിന്നീട് പണി മന്ദഗതിയിലായി. പണി തുടങ്ങി നാലുമാസം പിന്നിട്ടിട്ടും നാല് കള്‍വര്‍ട്ടുകളുടെ പണി പൂര്‍ത്തിയായിട്ടില്ല. മഴക്കാലത്ത് റോഡ് ഏറ്റവും വേഗം തകരുന്ന ഒലിപ്പില്‍ ഭാഗത്ത് അര മീറ്റര്‍ ഉയര്‍ത്തേണ്ടതുണ്ട്. അവിടെ ഓവുചാല്‍ നിര്‍മാണം നടക്കുകയാണ്.
മഴ പെയ്ത് തുടങ്ങിയതോടെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമായിരിക്കുകയാണ്. റോഡിനിരുവശത്തും ഓവുചാലിനു വേണ്ടി മണ്ണ് നീക്കിയതിനാല്‍ ചളിയിലൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
മഴ കനക്കുന്നതിന് മുന്നേ ക്വാറി വേ—സ്റ്റ് ഇട്ട് റോഡ് ഉയര്‍ത്തിയില്ലെങ്കില്‍ ഗതാഗതം തന്നെ നിര്‍ത്തിവെക്കേണ്ടി വരും. ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഏറെ ദുരിതം. അടുത്ത ദിവസം സ്‌കൂളുകള്‍ തുറക്കുന്നതോടെ യാത്രാപ്രശ്‌നം രൂക്ഷമാവും.
Next Story

RELATED STORIES

Share it