kozhikode local

കല്ലന്‍തോട് നീര്‍ത്തട പദ്ധതി: അഴിമതി നടന്നതായി വിജിലന്‍സിന് പരാതി

മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക്കര്‍ കണക്കിന് വയല്‍ കൃഷിയോഗ്യമാക്കുന്നതിനായി തുടങ്ങിയ കല്ലന്‍തോട് നീര്‍ത്തട പദ്ധതി പാതിവഴിയില്‍ നിലച്ചു. അഴിമതി നടന്നതായി വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രവൃത്തി നിര്‍ത്തിവെച്ചത്. പന്നിക്കോട് എടപ്പറ്റ മുതല്‍ ചെറുവാടി ഇരുവഴിത്തി പുഴയോരം വരെയുള്ള 500 ഏക്കറോളം വയല്‍, കൃഷിയോഗ്യമാക്കുന്നതിനായി ഒരു മാസം മുമ്പാണ് നടപടി തുടങ്ങിയത്. വയലിന് നടുവിലൂടെ ഒഴുകിയിരുന്ന തോട് നവീകരിച്ച് ചെറുവാടി ഇരുവഴിഞ്ഞി പുഴയോരത്ത് തടയണ നിര്‍മിച്ച് വെളളം ആവശ്യാനുസരണം പമ്പു ചെയ്യാനും വെള്ളം ആവശ്യമില്ലാത്ത മഴക്കാലത്തും മറ്റും ഷട്ടറിട്ട് തടഞ്ഞു നിര്‍ത്താനുമായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഇതിനായി തോടിന്റെ നവീകരണം തുടങ്ങുകയും ചെയ്തു. ഒരു കോടിയോളം രൂപയുടെ പ്രവൃത്തി ടെണ്ടര്‍ ചെയ്തില്ലെന്നും കമ്മറ്റിയില്‍ അംഗമായവര്‍ക്ക് പോലും പ്രവൃത്തിയുടെ ലെവല്‍സ് നല്‍കിയില്ലെന്നും കാണിച്ച് വിജിലന്‍സിന് പരാതി ലഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പ്രവൃത്തി മുന്നോട്ടു പോയാല്‍ അത് വലിയ സാമ്പത്തിക ക്രമക്കേടിന് കാരണമാവുമെന്നും പരാതിയില്‍ പറയുന്നു. ഇതോടെയാണ് പ്രവൃത്തി താല്‍ക്കാലികമായി തടസ്സപ്പെട്ടത്.— അതേസമയം, ഈ മഴക്കാലത്തിന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനായിരുന്നെങ്കില്‍ 20 വര്‍ഷത്തിലധികമായി കൃഷിയകന്ന ചെറുവാടിയിലെ വയലുകളില്‍ നെല്‍കൃഷി തിരിച്ചു വരാന്‍ സാധ്യത ഏറെയായിരുന്നു. ഒരു കാലത്ത് ജില്ലയില്‍ തന്നെ ഏറ്റവുമധികം നെല്‍കൃഷി ചെയ്തിരുന്ന ചെറുവാടിയിലെ പാടം അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് ഈ അവസ്ഥയിലെത്തിയത്. ഇതിന് പരിഹാരമായി ആരംഭിച്ച പദ്ധതിയും വിവാദമായതോടെ അടുത്ത സീസണിലെങ്കിലും നെല്‍കൃഷിയിറക്കാമെന്ന കര്‍ഷകരുടെ മോഹവും അസ്തമിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it