thrissur local

കല്യാണ്‍ സാരീസില്‍ സ്ത്രീ തൊഴിലാളികളെ പിരിച്ചു വിട്ട സംഭവം : തൊഴിലാളികളെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്



തൃശൂര്‍: തൊഴില്‍ വകുപ്പിനേയും തൊഴില്‍ നിയമങ്ങളേയും ലേബര്‍ കമ്മീഷറേയും ധിക്കാരത്തോടെ വെല്ലുവിളിക്കുന്ന കല്ല്യാണ സാരീസ് മാനേജ്‌മെന്റിന്റെ നടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി എ എന്‍ രാജനും ഷോപ്പ് എപ്ലോയീസ് അസോസ്സിയേഷന്‍ ജനറല്‍ സെക്രട്ടറി എം ആര്‍ ഭൂപേശും സംയുക്തമായി ആവശ്യപ്പെട്ടു.കല്ല്യാണ്‍ സാരീസില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തിരമായി അഡീഷണല്‍ ലേബര്‍ ഓഫിസര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജനയോഗത്തില്‍ നിന്നും കല്ല്യാണ്‍ സാരീസ് മാനേജ്‌മെന്റ് ധിക്കാരത്തോടെ ഇറങ്ങിപ്പോയി യോഗം പരാജയപ്പെടുത്തി. കല്ല്യാണ്‍ സാരീസില്‍ ആറ് സ്ത്രീ തൊഴിലാളികളെ ഏപ്രില്‍ 10ന് അന്യായമായി പിരിച്ചുവിട്ടതിനെതിരെ തൃശൂര്‍ കോലോത്തുംപാടത്തുള്ള കല്ല്യാണ്‍ സാരീസിനു മുന്നില്‍ സ്ത്രീ തൊഴിലാളികള്‍ കഴിഞ്ഞ 25 ദിവസമായി സത്യഗ്രഹസമരം നടത്തിവരികയാണ്. പിരിച്ചുവിട്ടതിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ നിരവധി തവണ വിളിച്ചു കൂട്ടിയ അനുരഞ്ജന യോഗത്തില്‍ കല്ല്യാണ്‍ സാരീസ് മാനേജ്‌മെന്റ് പങ്കെടുക്കാതിരുന്നതിനാലാണ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ തിരുവനന്തപുരത്ത് അനുരഞ്ജനയോഗം ഏപ്രില്‍ 28ന് വിളിച്ചു ചേര്‍ത്തത്. എന്നാല്‍ ആ യോഗത്തില്‍ പങ്കെടുക്കാതെ മാനേജ്‌മെന്റ് മെയ്10ന് യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അനുരഞ്ജനയോഗം തിരുവന്തപുത്ത് ലേബര്‍കമ്മീഷണര്‍ ഓഫിസില്‍ വിളിച്ചുചേര്‍ത്തത്. ഈ യോഗത്തില്‍ കല്ല്യാണ്‍ സാരീസ് മാനേജ്‌മെന്റ് പങ്കെടുക്കുകയും അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങളെല്ലാം അപ്പാടെ തള്ളികളഞ്ഞ് ധിക്കാരമായി യോഗത്തില്‍ നിന്നും ഇറങ്ങിപോകുകയാണുണ്ടായത്. ഇത് ലേബര്‍ വകുപ്പിനേയും തൊഴിലാളി വര്‍ഗത്തോടുമുള്ള വെല്ലുവിളിയാണെന്ന് ഷോപ്പ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് എ എന്‍ രാജനും ജനറല്‍ സെക്രട്ടറി എം ആര്‍ ഭൂപേശും ആരോപിച്ചു. ഇതിനെതിരെ ലേബര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ നടത്തി വരുന്ന സമരം ശക്തിപ്പെടുത്തുവാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനും വര്‍ക്കിംഗ് വിമന്‍ ഫോറം സംസ്ഥാന നേതാക്കളും മെയ്-23ന് കോലോത്തുപാടത്തുള്ള കല്ല്യാണ്‍ സാരീസിനു മുന്നില്‍ സത്യഗ്രഹം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it