thrissur local

കല്യാണ്‍ ഗ്രൂപ്പിന് വൈദ്യുതി കണക്ഷന്‍: കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം

തൃശൂര്‍: നഗരത്തില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത കല്ല്യാണ്‍ ഗ്രൂപ്പിന്റെ സ്ഥാപനത്തിന് തിടുക്കത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ കൗ ണ്‍സിലില്‍ ഭരണ-പ്രതിപക്ഷ ബഹളം.
അപേക്ഷിച്ച് മൂന്നു മാസത്തിനുള്ളില്‍ കണക്ഷന്‍ നല്‍കിയതു സംബന്ധിച്ച വിഷയത്തില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് എം കെ മുകുന്ദന്‍, എ പ്രസാദ്, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, സി ബി ഗീത, ഫ്രാന്‍സിസ് ചാലിശേരി, ടി ആര്‍ സന്തോഷ്, ബിജെപിയിലെ കെ മഹേഷ്, വി രാവുണ്ണി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കണക്ഷന്‍ നല്‍കിയതില്‍ അഴിമതിയില്ലെന്നും ഇത്തരത്തില്‍ എല്ലാവര്‍ക്കും കണക്ഷന്‍ കൊടുക്കാനാണ് തങ്ങളുടെതീരുമാനമെന്നും മുന്‍ ഡെ്പ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കൃഷ്ണകുട്ടി തുടങ്ങിയവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അപേക്ഷിച്ചവര്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞതിനുശേഷമാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയതെന്നതിന്റെ ലിസ്റ്റ് വി കെ സുരേഷ്‌കുമാര്‍ വായിച്ചു. ഈ രീതിയില്‍ നിന്ന് മാറി വേഗം കണക്ഷന്‍ കൊടുക്കുകയാണ് തങ്ങള്‍ ചെയ്തതെന്നുമായിരുന്നു ഭരണകക്ഷിയിലെ ചില കൗണ്‍സിലര്‍മാരുടെ വാദം. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് തന്നെ മോശക്കാരനായി ചിത്രീകരിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സത്യാവസ്ഥ ബോധ്യപ്പെടാന്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ശ്രീനിവാസന്‍ പറഞ്ഞത് ഭരണകക്ഷി കൗണ്‍സിലര്‍മാരില്‍ തന്നെ പ്രതിഷേധത്തിനിടയാക്കി. അത്തരത്തിലുള്ള പ്രസ്താവന ശരിയല്ലെന്ന് പറഞ്ഞ് ഭരണകക്ഷിയിലെ ചില കൗണ്‍സിലര്‍മാര്‍ എഴുന്നേറ്റു. പുകമറ സൃഷ്ടിച്ച് തന്നെ മോശക്കാരനാക്കാന്‍ ചില ശ്രമങ്ങ ള്‍ നടക്കുന്നുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകാന്‍ അന്വേഷണം നടത്തണമന്ന ആവശ്യത്തില്‍ ശ്രീനിവാസന്‍ ഉറച്ചു നിന്നു.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കെതിരെ അഴിമതി ആരോപണം വന്നതിനെതുടര്‍ന്ന് ബന്ധപ്പെട്ട ഫയല്‍ കൗണ്‍സിലില്‍ പരിശോധനയ്ക്ക് വിധേയമാക്കി. 2017 ജൂണ്‍ ആറിനാണ് കല്ല്യാണ്‍ഗ്രൂപ്പ് വൈദ്യുതി പ്രാഥമിക അപേക്ഷ നല്‍കിയത്. അശ്വനി ജങ്ഷനിലെ സബ്‌സറ്റേഷനില്‍നിന്ന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ധാരണയായി.
ഇതനുസരിച്ച് റോഡ് പൊളിക്കുന്നതിന് അനുമതി തേടി ചെമ്പൂക്കാവിലെ പിഡബ്ല്യൂഡി റോഡ് വിഭാഗത്തിന് കത്ത് നല്‍കി. എന്നാല്‍ മഴക്കാലമായതിനാല്‍ അനുവാദം നല്‍കാനാവില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയെ സമീപിച്ചു. ബദല്‍മാര്‍ഗമായി ഔഷധി പരിസരത്ത് നിന്നും എച്ച്ഡിഡി പ്രകാരം കേബിള്‍ വലിച്ച് കണക്ഷന്‍ നല്‍കാന്‍ ധാരണയായി. ഈ പ്രവൃത്തി നിയമാനുസൃതം കല്ല്യണ്‍ഗ്രൂപ്പ് നിര്‍വഹിച്ചു. സൂപ്പര്‍വിഷന്‍ ചാര്‍ജും അനുബന്ധഫീസും ഉള്‍പ്പടെ 44,985 അടച്ചു.  സെക്യൂരിറ്റി നിക്ഷേപവും അനുബന്ധ ചെലവുകള്‍  ഉള്‍പ്പടെ 19,83,477 രൂപയും അടച്ചു. ആഗസ്റ്റ് 16ന് കണക്ഷന്‍ അനുവദിച്ചു. ഇതില്‍ യാതൊരു അഴിമതിയും— നടന്നിട്ടില്ലെന്ന് വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു.—
റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് കണക്ഷന്‍ നല്‍കുന്നതെന്നും അതിനാല്‍ അന്വേഷണം വേണ്ടെന്നും മേയര്‍ അജിത ജയരാജന്‍ പറഞ്ഞതോടെ മൂന്നു മണിക്കൂറിലധികം നടത്തിയ ചര്‍ച്ച അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it