malappuram local

കല്യാണപ്പാട്ട്, കോല്‍ക്കളി കലാകാരന്‍ പൂന്തല മോയീന്‍ വിടവാങ്ങി



കൊണ്ടോട്ടി: കല്യാണപ്പാട്ടുകളുടേയും കോല്‍ക്കൡയുടെയും തോഴനായിരുന്ന മാപ്പിള കലാകാരന്‍ പൂന്തല മോയീന്‍ ഓര്‍മയായി. മലബാറില്‍ വിവാഹ വീടുകളില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന കല്യാണപ്പാട്ടുകാരില്‍ അവസാനത്തെ കണ്ണിയായിരുന്നു പൂന്തല മോയീന്‍. 1970 കളോടെ തന്നെ കല്യാണപ്പാട്ടുകള്‍ നിര്‍ത്തിയിരുന്നെങ്കിലും പൂന്തല മോയീന്‍ പുതുതലമുറയ്ക്ക് അന്യംനിന്ന കല്യാണപ്പാട്ടുകള്‍ പാടി വിവരിച്ചു നല്‍കിയ കലാകാരനായിരുന്നു. മലബാറില്‍ വിവാഹത്തോടനുബന്ധിച്ച് വരന്റെയും, വധുവിന്റെയും വീട്ടുകാര്‍ ഏല്‍പ്പിക്കുന്ന കല്യാണ പാട്ടുസംഘത്തിലെ പ്രധാനിയായിരുന്നു മോയീന്‍. ഒരു സംഘം പാടിയതിന് മറുപടിയാണ് എതിര്‍ വിഭാഗം പാടേണ്ടത്. മല്‍സരം കൊഴുക്കുന്നതോടെ പാട്ടുകാര്‍ നിമിഷ കവികളായി മാറും. ഇത്തരത്തില്‍ പിറവി കൊണ്ട നിരവധി കല്യാണപ്പാട്ടുകള്‍ മോയീന്റെ ചുണ്ടില്‍ എന്നും തത്തിക്കളിച്ചു. കല്യാണപ്പാട്ടുകാരിലെ മൂപ്പനായിരുന്നു പൂന്തല മോയീന്‍.1936ല്‍ എടപ്പറമ്പില്‍ പൂന്തല കുഞ്ഞുവിന്റെയും ആമിനയുടേയും മകനായ മോയീന്‍ പതിനഞ്ചാം വയസ്സിലാണ് കല്യാണപ്പാട്ടുകാരനായത്. പിതൃ സഹോദരന്‍ കോയാമുട്ടിയായിരുന്നു ഗുരു. 1970 കളില്‍ വരെ മോയീന്‍ കല്യാണപ്പാട്ടുമായി രംഗത്തുണ്ടായിരുന്നു. രാത്രി കാല കല്യാണങ്ങള്‍ ഇല്ലാതായതും, ആധുനിക ഗാനമേളകള്‍ അരങ്ങുവാണതുമാണ് കല്യാണപ്പാട്ട് നാടുനീങ്ങിയത്. കല്യാണപ്പാട്ട് ലോപിച്ചാണ് സ്‌കൂള്‍ യുവജനോല്‍സവങ്ങളിലടക്കം മല്‍സര ഇനമായി എത്തിയ വട്ടപ്പാട്ട് രൂപം കൊണ്ടത്. കല്യാണപ്പാട്ടിന് പുറമെ കോല്‍ക്കളിയിലും ശ്രദ്ദേയനായിരുന്നു മോയീന്‍. കേരള നാടന്‍ കലാ അക്കാദമി ജേതാവായ മോയീന്‍ സ്‌കൂള്‍ കലോല്‍സവങ്ങളിലെ വിധികര്‍ത്താവുമായിരുന്നു. ആകാശ വാണിയിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it