Kollam Local

കല്യാണത്തിനെത്തിയവര്‍ക്ക് പണികൊടുത്ത് പോലിസ്

കൊല്ലം: ഓഡിറ്റോറിയങ്ങളില്‍ വിവാഹത്തിനെത്തിയവരുടെ തിരക്ക് മൂലം കഴിഞ്ഞ ആഴ്ച ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടിയെടുത്ത് പോലിസ്.
ഇന്നലെ പള്ളിമുക്കിലെ ഓഡിറ്റോറിയങ്ങള്‍ക്ക് മുന്നില്‍ റോഡുവശത്തായി വാഹനം നിര്‍ത്തിയിടാന്‍ പോലിസ് അനുവദിച്ചില്ല. ഇതിനായി എ ആര്‍ ക്യാംപില്‍ നിന്നും ഉള്‍പ്പടെ നിരവധി പോലിസുകാരെയാണ് ഓരോ ഓഡിറ്റോറിയങ്ങള്‍ക്ക് മുന്നിലും ഇന്നലെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. കഴിഞ്ഞ 15ന് പള്ളിമുക്കിലെ ഓഡിറ്റോറിയങ്ങളില്‍ നടന്ന വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ദേശീയപാതയോരത്തെ ഓഡിറ്റോറിയം ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കുമെതിരേ ഇരവിപുരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
രോഗികളുമായി സഞ്ചരിച്ച ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനഗതാഗതം തടസ്സപ്പെടുകയും, ഗതാഗതം വഴതിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായതിനാലാണ് പോലിസ് നടപടിക്ക് നിര്‍ബന്ധിതമായത്. മതിയായ പാര്‍ക്കിങ് സംവിധാനമില്ലാത്ത നഗരത്തിലെ ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദ്‌ചെയ്യുന്നതിലേക്കുള്ള നടപടി സ്വീകരിക്കുന്നതിനും പുതുതായി നഗരത്തില്‍ സ്ഥാപിക്കപ്പെടുന്ന ഓഡിറ്റോറിയങ്ങള്‍ക്കും ഷോപ്പിങ് മാളുകള്‍ക്കും കപ്പാസിറ്റിക്ക് അനുസൃതമായ വാഹന പാര്‍ക്കിങ് സൗകര്യം ഇല്ലാത്ത പക്ഷം അനുമതി നല്‍കാതിരിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ കൊല്ലം കോര്‍പറേഷനു സിറ്റി പോലിസ് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.ഇത്തരത്തിലുള്ള ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഇന്നലെ ഓഡിറ്റോറിയങ്ങള്‍ക്ക് സമീപം പോലിസിനെ ഡ്യൂട്ടിക്കിട്ടത്. ഇവിടെ എത്തുന്ന വാഹനങ്ങള്‍ ആളെ ഇറക്കിയ ശേഷം മറ്റെവിടെയെങ്കിലും പാര്‍ക്ക് ചെയ്യേണ്ട സ്ഥിതിയായിരുന്നു ഇന്നലെ. ഓഡിറ്റോറിയം കാംപൗണ്ടില്‍ മാത്രമാണ് പാര്‍ക്കിങ് അനുവദിച്ചിരുന്നു. എന്നാല്‍ മിക്ക ഓഡിറ്റോറിയങ്ങളിലും മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തത് ഇവിടെ എത്തിയവരെ വലച്ചു. റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മാറ്റാനായി റിക്കവറി വാന്‍ ഉള്‍പ്പടെയുള്ള സന്നാഹവുമായിട്ടായിരുന്നു ഇന്നലത്തെ പോലിസ് നടപടി. പോലിസിന്റെ നിര്‍ദേശം ലംഘിച്ച് റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലെല്ലാം പോലിസ് നോട്ടീസ് ഒട്ടിച്ചു. ഈ വാഹനങ്ങള്‍ക്ക് പോലിസ് പിഴ ചുമത്തും.
മാര്‍ഗ തടസം സൃഷ്ടിച്ച് വാഹനം പാര്‍ക്ക് ചെയ്ത കുറ്റത്തിനാണ് പിഴ ചുമത്തുക. കുടുംബമായി കാറുകളിലെത്തി വാഹനം റോഡ് വശത്ത് പാര്‍ക്ക് ചെയ്ത ശേഷം കല്യാണത്തിന് പോയി മടങ്ങിയെത്തിയ പലരും വാഹനങ്ങളിലെ പോലിസ് സ്റ്റിക്കര്‍ കണ്ട് അമ്പരന്നു. ശരിക്കും വാഹന ഉടമകളെ ഞെട്ടിക്കുന്ന  നടപടിയായിരുന്നു ഇന്നലെ പോലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പിഴ ചുമത്തുന്നതില്‍ നിന്നും ഇരുചക്ര വാഹനങ്ങളെ പോലിസ് ഒഴിവാക്കിയിരുന്നു.ദേശീയപാതയോരങ്ങളിലെ ഓഡിറ്റോറിയങ്ങളില്‍ പലതും വേണ്ടത്ര പാര്‍ക്കിങ് സൗകര്യം ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. ഇതുമൂലം ഇവിടെ എത്തുന്നവര്‍ക്ക് റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണ്. ഇത് ഗതാഗത കുരുക്കിന് കാരണാകുന്നതോടെയാണ് കടുത്ത നടപടിക്ക് പോലിസും മുതിരുന്നത്.
Next Story

RELATED STORIES

Share it