kannur local

കല്യാട് വില്ലേജിലെ 865 ഏക്കര്‍ ഭൂമിയിലെ ചെങ്കല്‍ ഖനനം നിര്‍ത്തിവച്ചു

ഇരിക്കൂര്‍: ഇരിട്ടി താലൂക്കില്‍പ്പെട്ട പടിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കല്യാട് വില്ലേജിലെ 865 ഓളം ഏക്കര്‍ സ്ഥലത്തെ ചെങ്കല്‍ ഖനനം പൂര്‍ണമായി നിര്‍ത്തിവക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ ചെങ്കല്‍ ഖനനവും വിതരണവും അനിശ്ചിതത്വത്തില്‍.
കല്യാട് താഴത്തു വീട് തറവാട് അംഗങ്ങളായ കെ ടി ഇന്ദിര, കെ ടി ദിവാകരന്‍ തുടങ്ങി ഒമ്പത് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് ഖനനം പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.
സംസ്ഥാന റവന്യൂ സെക്രട്ടറി, ജില്ലാ കലക്ടര്‍, ഇരിട്ടി തഹസില്‍ദാര്‍, സംസ്ഥാന ജിയോളജി ആന്റ് മൈനിങ് വകുപ്പ് സെക്രട്ടറി, ജില്ലാ മൈനിങ് ആന്റ് ജിയോളജി വകുപ്പ് എന്നിവര്‍ക്ക് നോട്ടീസയക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും നിശ്ചിത പ്രദേശത്തെ ചെങ്കല്‍ ഖനനം പൂര്‍ണമായി നിര്‍ത്തിവയ്പിക്കാനും തഹസില്‍ദാര്‍ക്ക് ഇരിക്കൂര്‍ പോലിസ് സഹായം ചെയ്യണം. എത്രയും പെട്ടെന്ന് നടപടിയെടുത്ത് ഇരിട്ടി തഹസില്‍ദാര്‍ ഹൈക്കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ എം പി ശ്രീകൃഷ്ണനാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.
300 ഏക്കര്‍ കല്യാട് താഴത്തു വീട് വക ഭൂമി ഉടമകള്‍ ഇല്ലാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായും അവകാശികളുണ്ടെങ്കില്‍ ആറ് മാസത്തിനകം രേഖകള്‍ ഹാജരാക്കണമെന്നും ജില്ലാ കലക്ടര്‍ രണ്ട് മാസം മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഭുമിയിന്മേല്‍ തങ്ങള്‍ക്കുള്ള അവകാശം ചൂണ്ടിക്കാണിച്ച് കല്യാട് താഴത്തു വീട് തറവാട്ടംഗം കെ ടി ഇന്ദിര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രസ്തുത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി ഹൈക്കോടതി ഇടപെട്ട് നിര്‍ത്തിവയ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം തറവാട് ഭൂമി അനധികൃതമായി കൈയേറി ചെങ്കല്‍ ഖനനം നടത്തുന്നതായും ഇത് നിര്‍ത്തിവയ്പിക്കണമെന്നുമാണ് ആവശ്യം.
കല്യാട് വില്ലേജില്‍ ചെങ്കല്‍ ഖനനം നിര്‍ത്തിവച്ചതോടെ ആയിരത്തിലേറെ തൊഴിലാളികള്‍ക്കു തൊഴിലില്ലാതായി. ജില്ലയിലെ ഏറ്റവും വലിയ ചെങ്കല്‍ പണ മേഖലായിരുന്ന കല്യാട്-ഊരത്തൂര്‍, ബ്ലാത്തൂര്‍ മേഖലയിലെ പ്രധാന പണ നിലച്ചതോടെ ചെങ്കല്ലുകള്‍ക്ക് വില കുതിച്ചുയയരുകയാണ്.
Next Story

RELATED STORIES

Share it