kannur local

കല്യാട് ചെങ്കല്‍ ക്വാറിയില്‍ ഭിത്തിയിടിഞ്ഞു; രണ്ടു തൊഴിലാളികള്‍ക്കു പരിക്ക്

ഇരിക്കൂര്‍: ചെങ്കല്‍ ക്വാറി ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രണ്ട് ചെങ്കല്‍ ഖനന യന്ത്രങ്ങളും ഒരു മിനി ലോറിയും പാറക്കല്ലുകള്‍ക്കടിയില്‍പെട്ടു. കല്യാട് ചുങ്കസ്ഥാനത്ത് കെപിആര്‍ പണയിലാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. ചെങ്കല്‍ ഖനനവും കയറ്റിക്കൊണ്ടുപോവലും നടക്കുന്നതിനിടെയാണ് 30 മീറ്ററോളം ഉയരത്തിലുള്ള ക്വാറി ഭിത്തി ഇടിഞ്ഞുവീണത്. ചെങ്കല്‍ പണയിലെ തൊഴിലാളികള്‍ ഉച്ച ഭക്ഷണത്തിന് പോയ സമയാത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചെങ്കല്‍ പണയുടെ ഉയരത്തിലുള്ള ഭിത്തി തകര്‍ന്ന് ഖനന സ്ഥലത്തേക്കു തന്നെയാണ് വീണത്. സംഭവസമയം ക്വാറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികള്‍ക്ക് പാറക്കഷ്ണങ്ങള്‍ തെറിച്ചും ഓടിരക്ഷപ്പെടുന്നതിനിടയിലുമാണ് പരിക്കേറ്റത്. പരിക്കുകള്‍ ഗുരുതരമല്ല. 30 മീറ്ററിലധികം താഴ്ചയുള്ളതാണ് ചെങ്കല്‍ പണ. ഇതിന്റെ ഭിത്തി വിണ്ടുകീറി പിളര്‍ന്ന് ഒരു ഭാഗത്തേക്ക് വീഴുകയായിരുന്നു. 50 മീറ്ററിലധികം നീളമുള്ള ഭിത്തിയുടെ പലഭാഗങ്ങളും വിള്ളല്‍ വീണുകിടന്നിട്ടും അതു വകവയ്ക്കാതെ ഖനനം നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് പരിസരവാസികളും പണ ഉടമകളും പറയുന്നു.
ഖനനം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് തന്നെ പണി നിടത്തി വച്ചതായിരുന്നു ഖനന യന്ത്രങ്ങള്‍. മുറിച്ചുമാറ്റിയ ചെങ്കല്ലുകള്‍ കയറ്റിക്കൊണ്ടു പോവാനെത്തിയതായിരുന്നു മിനിലോറി. ക്വാറിയിലെ തൊഴിലാളികളും മിനിലോറി ഡ്രൈവറും കയറ്റ് തൊഴിലാളികളും സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭിത്തി തകര്‍ന്നുവീണതോടെ മിനിലോറിയും ഖനനയന്ത്രങ്ങളും പാറക്കല്ലുകള്‍ക്കും മണ്ണിനുമടിയില്‍ പെട്ടുപോവുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികളും നാട്ടുകാരും സമീപങ്ങളിലെ പണ ഉടമകളും തൊഴിലാളികളും ഓടിയെത്തി.
മണ്ണിനും പാറക്കല്ലുകള്‍ക്കുമിടയില്‍ ഏതെങ്കിലും തൊഴിലാളികളോ ലോറി ജീവനക്കാരോപെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ പ്രദേശം അങ്കലാപ്പിലായി. സമീപങ്ങളിലെ ചെങ്കല്‍ ക്വാറികളിലെ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് മണ്ണും പാറക്കല്ലുകളും നീക്കി തൊഴിലാളികള്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം മൂടിക്കിടന്ന മിനിലോറിയും ഖനനയന്ത്രങ്ങളും പുറത്തെടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് കല്യാട്, ബ്ലാത്തൂര്‍, ഇരിക്കൂര്‍, ഊരത്തൂര്‍ മേഖലകളില്‍ നിന്ന് ധാരാളം ജനങ്ങള്‍ എത്തി. ഇരിക്കൂര്‍ പോലിസും ഇരിട്ടിയില്‍ നിന്ന് റവന്യൂ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ചെങ്കല്‍ ഖനനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it