കലോല്‍സവ വേദിക്കരികില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോല്‍സവത്തിനിടെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു. അഞ്ചുപേര്‍ക്കു പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചിറ്റിലപ്പിള്ളി ശങ്കരംമഠത്തില്‍ അശോകന്റെ മകള്‍ അനുഷയാണ് (19) മരിച്ചത്. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിനിയാണ്.
അക്കിക്കാവ് പന്തലത്ത് ദാസിന്റെ മകള്‍ ഹരിത, കാണിപ്പയ്യൂര്‍ സ്വദേശി സുരേഷിന്റെ മകള്‍ സുധില, മറ്റം ആളൂര്‍ പാമ്പിങ്ങല്‍ ബാഹുലേയന്റെ മകള്‍ ലയന, മരത്തംകോട് മലയങ്കുളം ബാബുവിന്റെ മകള്‍ ദിവ്യ, ചാലിശ്ശേരി ചണക്കുഴി ശങ്കരന്റെ മകള്‍ ശ്രീലക്ഷ്മി, തൃത്താല കോട്ടേപ്പാടം വടക്കേക്കര വാസുവിന്റെ മകന്‍ അഭിമന്യൂ എന്നിവര്‍ക്കാണു പരിക്ക്. ലയന, സുധില എന്നിവരുടെ നില ഗുരുതരമാണ്. കലോല്‍സവത്തിന്റെ രണ്ടാംദിനമായ ഇന്നലെ രാവിലെ പത്തോടെയാണു സംഭവം.
കാംപസിലെ വൈശാലി പാറയില്‍ ഇരിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഈ സമയം വീശിയ ശക്തമായ കാറ്റില്‍ സമീപത്തെ കൂറ്റന്‍ മട്ടിമരം നിലംപൊത്തുകയായിരുന്നു. ശബ്ദം കേട്ട് വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കുമേല്‍ മരം പതിച്ചു. ഓടിക്കൂടിയ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടയില്‍ അനുഷയുടെ മരണം സംഭവിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് കലോല്‍സവം നിര്‍ത്തിവച്ചു. മൃതദേഹം കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ചിറ്റിലപ്പിള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന്.
Next Story

RELATED STORIES

Share it