kasaragod local

കലോല്‍സവവും സെന്‍സസും: പ്രൈമറി സ്‌കൂളുകളില്‍ പഠനം താളം തെറ്റുന്നു

കാസര്‍കോട്: ജനസംഖ്യ രജിസ്റ്ററിലെ വിവര ശേഖരണത്തിനായി പ്രൈമറി അധ്യാപകരെ കൂട്ടത്തോടെ നിയമിച്ചത് സ്‌കൂളുകളുടെ പഠന പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശാസ്ത്രമേള, കായിക മേള, തദ്ദേശസ്വംയഭരണ തിരഞ്ഞെടുപ്പ് എന്നിവയുടെ ഒരുക്കത്തിലായിരുന്നു അധ്യാപകര്‍. ഉപജില്ലാ കലോല്‍സവം നടക്കുന്ന സ്‌കൂളുകളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാഴ്ചയോളമായി പഠന പ്രവര്‍ത്തനം നടക്കാത്ത സ്ഥിതിയാണ്. ജില്ലയിലെ പല ഉപജില്ലകളിലും കലോല്‍സവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സെന്‍സസിനായി പ്രൈമറി സ്‌കൂളുകളിലെ 80 ശതമാനം അധ്യാപകരെ നിയോഗിച്ചിട്ടുള്ളത്. ചില സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരെയും സെന്‍സസ് ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. സാധാരണ അവധിക്കാലങ്ങളിലാണ് സെന്‍സസ് നടക്കാറുള്ളതെങ്കിലും ഇക്കുറി അധ്യായനത്തിനിടയിലാണ് അധ്യാപകരെ സെന്‍സസ് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ അധ്യാപകര്‍ക്ക് സെന്‍സസ് പരിശീലനം നല്‍കിയിട്ടുണ്ട്. ഒരു അധ്യാപകന് 50 മുതല്‍ 70 വീടുവരെയാണ് അനുവദിക്കുന്നതെങ്കിലും ചില അധ്യാപകര്‍ക്ക് 400 ലധികം വീടുകളുടെ സെന്‍സസ് രേഖപ്പെടുത്തേണ്ടിവരുന്നുണ്ട്. എട്ട് ദിവസമാണ് സെന്‍സസ് ഡ്യൂട്ടിക്ക് ലഭിക്കുന്നത്. 80 ലധികം വീട് ലഭിച്ചാല്‍ ഈ ദിവസം കൊണ്ട് സെന്‍സസ് ജോലി പൂര്‍ത്തിയാക്കാനാവില്ല. ഈമാസം 10 മുതല്‍ ജനുവരി പത്ത് വരെയുള്ള കാലയളവിലാണ് സെന്‍സസ് പൂര്‍ത്തിയാക്കേണ്ടത്. തുടര്‍ച്ചയായി എട്ട് ദിവസമോ അല്ലെങ്കില്‍ രണ്ടാഴ്ചയോ അവധിയെടുക്കാന്‍ അനുവാദമവുണ്ട്. കൂട്ടിചേര്‍ക്കല്‍ മാത്രമാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മുഴുവന്‍ വിവര ശേഖണവും പൂരിപ്പിക്കേണ്ടതുണ്ട്. ജോലി, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയവ പുതുതായി ചേര്‍ക്കണം. ഓരോ കുടുംബത്തിന്റെയും വിവരം ശരിയാണോ എന്ന് പട്ടികവച്ച് ഉറപ്പുവരുത്തുകയും വേണം. വീടുകളുടെ എണ്ണം കുറച്ച് ജോലി ഭാരം കുറക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. പ്രൈമറി അധ്യാപകരെ മാത്രം സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാല്‍ ജില്ലയിലെ പല സ്‌കൂളുകളുടെയും പ്രവര്‍ത്തനം താളംതെറ്റുന്ന അവസ്ഥയിലാണ്. ചില സ്‌കൂളുകളില്‍ പ്രധാനഅധ്യാപകരും പ്യൂണും മാത്രമാണ് ഉണ്ടാകുന്നത്.
Next Story

RELATED STORIES

Share it