കലോല്‍സവത്തിന് കൊടിയിറങ്ങി; പൂരനഗരി ശാന്തം

കെ എം അക്ബര്‍

തൃശൂര്‍: കല പൂത്തുലഞ്ഞ തേക്കിന്‍കാട് ഇപ്പോള്‍ ശാന്തം. നാലു രാവുകളും അഞ്ചു പകലുകളും ആരവവും ആഘോഷവുമായി തിളച്ചുമറിഞ്ഞ നഗരം ഇപ്പോള്‍ നിശ്ശബ്ദം. കലോല്‍സവം കൊടിയിറങ്ങിയതോടെ പൂരനഗരിയില്‍ നിന്നു വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ മടങ്ങിപ്പോയി. പക്ഷേ, ഈ കലാമേള എന്നും ഓര്‍ക്കപ്പെടും.
സംഘാടനത്തിലെ മികവു കൊണ്ടും പങ്കാളിത്തത്തിന്റെ പെരുപ്പം കൊണ്ടും. വെറും ആള്‍ക്കൂട്ടമാവാതിരുന്ന കാണികള്‍ക്കാണ് ആദ്യത്തെ നന്ദി. കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും എന്താണെന്ന് അറിയാതിരുന്നിട്ടു കൂടി അവതരണത്തിന്റെ മര്‍മം അറിയാവുന്നവരോടു ചോദിച്ചറിഞ്ഞ് അവര്‍ അച്ചടക്കത്തോടെ, സൗഹാര്‍ദത്തോടെ സൗമനസ്യം സദസ്സില്‍ ഇരിപ്പുറപ്പിച്ചു. പുലര്‍ച്ചെ വരെ നീണ്ട അറബിക് നാടകം കാണാന്‍ പോലും കൈക്കുഞ്ഞുങ്ങളുമായി ആസ്വാദകരെത്തി.
ലക്ഷങ്ങള്‍ വന്നുപോയിക്കൊണ്ടിരുന്നിട്ടും പൂര നഗരിയില്‍ അതൃപ്തിയുണ്ടാക്കുന്ന യാതൊന്നുമുണ്ടായില്ല. ഓരോ മുക്കുമൂലയിലും അസാപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ സംഘത്തിന്റെ കണ്ണുകള്‍ പതിഞ്ഞപ്പോള്‍ പൂര നഗരി ക്ലീന്‍.
ഭാവിയിലേക്കുള്ള എല്ലാ കലോല്‍സവങ്ങള്‍ക്കും ഒരു നല്ല മാതൃകയായിരുന്നു തൃശൂര്‍. ഒന്നല്ല, ഒരായിരം കൈകളാണ് ഈ മേളയെ വാനോളമുയര്‍ത്തിയത്.
വിദ്യാഭ്യാസ മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡിപിഐ, മേയര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പോലിസ്, എസ്പിസി കാഡറ്റുകള്‍ തുടങ്ങി എല്ലാവരും ചലിക്കുന്ന യന്ത്രത്തെപ്പോലെ തന്നെയായിരുന്നു. പിന്നെ മ്മടെ സ്വന്തം തൃശൂര്‍കാരും. കാലമെത്ര കഴിഞ്ഞാലും ആവോളം നിറംമങ്ങാത്ത ഓര്‍മകള്‍ നല്‍കിയാണ് പൂരനഗരി കലോല്‍സവത്തിനെത്തിയ ഒരോരുത്തരെയും യാത്രയാക്കിയത്.
Next Story

RELATED STORIES

Share it