Middlepiece

കലോല്‍സവം: പുതിയ ദിശാബോധം വേണം

പി കെ അബ്ദുറബ്ബ്, വിദ്യാഭ്യാസമന്ത്രി

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇന്ന് തലസ്ഥാന നഗരിയില്‍ തുടക്കംകുറിക്കുകയാണ്. അനന്തപുരിയുടെ ഇനിയുള്ള ഏഴു ദിനരാത്രങ്ങള്‍ കുരുന്നുപ്രതിഭകളുടെ മാസ്മരിക പ്രകടനങ്ങളാല്‍ ധന്യമാവും. 232 ഇനങ്ങളിലായി 12000ത്തോളം കലാപ്രതിഭകളാണ് വീറും വാശിയുമായി അരങ്ങിലെത്തുക.വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ അഞ്ചാമത്തെ സ്‌കൂള്‍ കലോല്‍സവത്തിനാണു നേതൃത്വം നല്‍കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ ഒരുകാര്യത്തില്‍ തികഞ്ഞ ചാരിതാര്‍ഥ്യമുണ്ട്. സ്‌കൂള്‍ കലോല്‍സവത്തിന്റെ നടത്തിപ്പ് കുറ്റമറ്റതാക്കാന്‍ ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും പരീക്ഷണങ്ങളും വിജയം കണ്ടു എന്ന് അഭിമാനപൂര്‍വം പറയാന്‍ കഴിയും.തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ നടന്ന മേളകള്‍ ഏറെ വിജയകരമായിരുന്നു. കാര്യമായ പരാതികളില്ലാതെ വന്‍ ജനപങ്കാളിത്തത്തോടുകൂടിയാണ് ഈ മേളകള്‍ നടന്നത്. ഇത്തവണയും മറിച്ചൊരു അനുഭവം പ്രതീക്ഷിക്കുന്നില്ല. വിധിനിര്‍ണയത്തെ ചൊല്ലിയുള്ള പരാതികളും സംശയങ്ങളുമൊക്കെയാണ് സ്‌കൂള്‍ കലോല്‍സവത്തിന്റെ ശോഭകെടുത്തുന്ന ഏറ്റവും പ്രധാന പ്രശ്‌നം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് നടന്ന മേളയുടെ ഏക കല്ലുകടി അപ്പീലുകളുടെ ആധിക്യമായിരുന്നു. ആയിരത്തോളംപേരാണ് അപ്പീലിലൂടെ മല്‍സരിക്കാനെത്തിയത്. ഇതുകാരണം പല ഇനങ്ങള്‍ക്കും അമ്പതും അറുപതും പേര്‍ മല്‍സരിച്ച അനുഭവമുണ്ടായി. നാടകമല്‍സരം ഒന്നരദിവസംകൊണ്ടാണു പൂര്‍ത്തിയാക്കിയത്.  മല്‍സരാര്‍ഥികളുടെ ഈ ബാഹുല്യം കലോല്‍സവത്തിന്റെ താളക്രമം ആകെ തെറ്റിച്ചുകളഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കലോല്‍സവദൃശ്യങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി അപ്പപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു ലഭ്യമാക്കി ഹൈടെക്ക് മേളയെന്നു ഖ്യാതി നേടിയ കലോല്‍സവത്തിനാണ് അപ്പീലുകളുടെ ബാഹുല്യം പേരുദോഷം വരുത്തിവച്ചത്.  അപ്പീലുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പ് ഇത്തവണ കൈക്കൊണ്ട നടപടികള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്. ജില്ലാതല മല്‍സരങ്ങളിലെ അപ്പീലില്‍ രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമെടുത്തതും ഡിഡിഇമാരുടെ അപ്പീല്‍ പരിശോധന നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചതും ഏറെ ഗുണംചെയ്തു. അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ അതിനുള്ള കാരണങ്ങള്‍ ഉത്തരവില്‍ വിശദമാക്കിയിരിക്കും. അപ്പീല്‍ തള്ളിപ്പോയവര്‍ കോടതിയെ സമീപിക്കുമ്പോള്‍ വിദ്യാഭ്യാസവകുപ്പിന്റെ വാദം കൂടി കേള്‍ക്കാന്‍ ഈ നടപടി സഹായിക്കും. കോടതി വഴിയുള്ള അപ്പീല്‍ കുറയ്ക്കാന്‍ ഇതു സഹായകമാവുമെന്ന പ്രതീക്ഷയാണുള്ളത്.മല്‍സരിക്കുന്നവരില്‍ നല്ലൊരു പങ്കും ഒന്നാംസ്ഥാനമെന്ന മോഹം വച്ചുപുലര്‍ത്തുന്നതാണ് വിധിനിര്‍ണയത്തെച്ചൊല്ലി ഉയരുന്ന പരാതികളുടെ പ്രധാന കാരണം. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും കുട്ടികളുടെ ഈ ആഗ്രഹത്തിന് കൂട്ടുനില്‍ക്കും. അമിതമായ ഈ പ്രതീക്ഷയാണ് വിധിയെഴുത്ത് പക്ഷപാതപരമാണെന്നാരോപിച്ച് അപ്പീലിനു പോവാന്‍ പ്രേരണയാവുന്നത്. അതേസമയം, ചില കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അപ്പീലിനു പോവുന്നവരെ മൊത്തത്തില്‍ കണ്ണുമടച്ചു കുറ്റപ്പെടുത്താനും കഴിയുകയില്ല. ജില്ലാതല മല്‍സരത്തില്‍ ഏറെ പിന്നിലായിപ്പോയവര്‍ അപ്പീലുമായെത്തി മല്‍സരിച്ച് ഒന്നാംസ്ഥാനം നേടിയ കുറേ അനുഭവങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ മേളയിലും ഉണ്ടായി. വിധിനിര്‍ണയത്തിന്റെ കാര്യത്തില്‍ പാകപ്പിഴകള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനയാണിത്. ഇത്തരം വീഴ്ചകള്‍ പരിഹരിക്കാന്‍ ഇത്തവണ പ്രത്യേക ശ്രദ്ധനല്‍കിയിട്ടുണ്ട്.  കലാമല്‍സരങ്ങളില്‍ ഒന്നാംസ്ഥാനക്കാരെ നിര്‍ണയിക്കുന്ന പ്രക്രിയ കുറേ സങ്കീര്‍ണതകള്‍ അടങ്ങിയതാണ്. എഴുത്തുപരീക്ഷയ്ക്കു മാര്‍ക്കിടുന്നതുപോലെ കലാമല്‍സരത്തില്‍ മാര്‍ക്കിടാന്‍ കഴിയുകയില്ല. ഒരു കലാകാരന്റെ പ്രകടനം വിലയിരുത്തി മൂന്നോ അതിലധികമോ വരുന്ന വിധികര്‍ത്താക്കള്‍ മാര്‍ക്കിടുമ്പോള്‍ വ്യത്യസ്ത അളവുകോലുകളും മാനദണ്ഡങ്ങളും അഭിരുചികളുമൊക്കെയായിരിക്കും അവരെ സ്വാധീനിക്കുക. വിധികര്‍ത്താവിന്റെ കാഴ്ചപ്പാടനുസരിച്ച് മാര്‍ക്കില്‍ വ്യത്യാസം വരുക സ്വാഭാവികമാണ്. ജില്ലകളിലെ ഒന്നാംസ്ഥാനക്കാര്‍ മാത്രം മല്‍സരിക്കുന്ന സംസ്ഥാന കലോല്‍സവത്തില്‍ മാര്‍ക്കിലെ ഈ നേരിയ വ്യത്യാസം മതി നന്നായി പെര്‍ഫോം ചെയ്ത പലരും പിന്നിലാവാന്‍. കലാമല്‍സരങ്ങളുടെ വിധിയെഴുത്തിലെ ഇത്തരം പരിമിതികള്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും എല്ലാവര്‍ക്കും കഴിഞ്ഞാല്‍ പരാതികള്‍ ഒരളവുവരെ പരിഹരിക്കാന്‍ കഴിയും.അടുത്ത വര്‍ഷം പരിഷ്‌കരിച്ച മാന്വലിന്റെ അടിസ്ഥാനത്തിലായിരിക്കും കലോല്‍സവം നടക്കുക. വിധിനിര്‍ണയവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പരാതികള്‍ പരമാവധി കുറയ്ക്കാന്‍ സഹായകമായ പരിഷ്‌കാരങ്ങള്‍ പുതിയ മാന്വലില്‍ ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും. സ്‌കൂള്‍ കലോല്‍സവത്തിനു പുതിയൊരു ദിശാബോധം നല്‍കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മികച്ച കലാപ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന വലിയൊരു സംരംഭമാണ് നമ്മുടെ കലോല്‍സവങ്ങള്‍. സ്‌കൂള്‍ കലോല്‍സവം നമ്മുടെ കുട്ടികള്‍ക്കു നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. 55 വര്‍ഷത്തെ കലോല്‍സവത്തിന്റെ ചരിത്രം ഇതിനു തെളിവാണ്. ഇതു കൂടുതല്‍ ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോവാന്‍ കലോല്‍സവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ആവശ്യമാണ്.         $
Next Story

RELATED STORIES

Share it