ernakulam local

കലൂര്‍ മുതല്‍ വൈറ്റില വരെ മെട്രോ റെയില്‍ നിര്‍മാണം സ്തംഭിച്ചു

കളമശ്ശേരി: കൊച്ചി മെട്രോയുടെ ഏലൂര്‍ ഫാക്ട് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കാസ്റ്റിങ് യാര്‍ഡില്‍ തദ്ദേശവാസികള്‍ക്ക് ജോലി വേണമെന്ന ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം തുടരുന്നു.
യാര്‍ഡിലേക്ക് കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതുമായ നിര്‍മാണ ഉപകരണങ്ങള്‍ തൊഴിലാളികള്‍ തടയുന്നതിനാല്‍ കലൂര്‍ മുതല്‍ വൈറ്റില വരെയുള്ള ഭാഗത്തെ മെട്രോ റയില്‍ നിര്‍മാണം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
സമരം മൂലം 1900 ത്തോളം പേര്‍ക്ക് പണിയില്ലാത്ത അവസ്ഥയും പ്രതിദിനം 20 ലക്ഷം രൂപയുടെ നഷ്ടവും സംഭവിക്കുന്നതായി കരാര്‍ കമ്പനിയുടെ മാനേജ്‌മെന്റ് അറിയിച്ചു. ജോലിക്ക് കയറിയാല്‍ ചര്‍ച്ച ചെയ്യാമെന്നു തൊഴിലാളി യൂനിയുകളെ അറിയിച്ചിരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. എന്നാല്‍ പ്രശ്‌നം പരിഹരിച്ചതിനു ശേഷം മാത്രമേ സമരം പിന്‍വലിക്കൂകയുള്ളൂവെന്ന നിലപാടിലാണ് യൂനിയനുകള്‍.
ഏലൂരിലെ മെട്രോ കാസ്റ്റിങ് യാര്‍ഡിലെ ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് പ്രദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്.
കരാറുകാരും ട്രേഡ് യൂനിയനുകളുമായുള്ള ധാരണപ്രകാരം ഇവിടെ പ്രവര്‍ത്തിക്കുന്ന ഓരോ യൂനിയനുകളില്‍ നിന്നുമായി 14 പേര്‍ വീതം ജോലിക്ക് കയറ്റാമെന്നു ധാരണയുള്ളതായി തൊഴിലാളികള്‍ പറയുന്നു.
ഇതുപ്രകാരം നാല് യൂനിയനുകളില്‍ നിന്നുമായി 56 പേരെ ജോലിക്ക് കയറ്റണം. എന്നാല്‍ കഴിഞ്ഞ കുറേ ആഴ്ച്ചകളായി ഒരു യൂനിയനില്‍ നിന്നും ഒമ്പത് പേരെ വച്ചാണ് കയറ്റുന്നത്. ഈ ആഴ്ച്ച മുതല്‍ കരാര്‍ പ്രകാരമുള്ള തൊഴിലാളികളെ ജോലിക്ക് കയറ്റാമെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അത് പാലിച്ചില്ലെന്ന് സമരം ചെയ്യുന്ന തൊഴിലാളികള്‍ പറഞ്ഞു.
അതേസമയം മെട്രോ റെയിലിന്റെ ഭൂരിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങളും തീരാറായ സാഹചര്യത്തില്‍ യാര്‍ഡില്‍ തൊഴില്‍ കുറഞ്ഞുവരികയാണെന്നും അതിനാലാണ് തദ്ദേശവാസികള്‍ക്ക് തൊഴില്‍ കുറയാന്‍ കാരണമെന്നുമാണ് മാനേജ്‌മെന്റെ ഭാഷ്യം. സമരം ചെയ്യുന്ന തൊഴിലാളികള്‍ സമരത്തിനുള്ള നോട്ടീസ് നല്‍കിയിട്ടില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ വരെ പ്രദേശവാസികളായ 56 പേര്‍ ജോലിക്ക് കയറിയിരുന്നതായി സിഐടിയു നേതൃത്വം പറഞ്ഞു. യാര്‍ഡില്‍ സ്‌റ്റോക്കുള്ളതിനാല്‍ രണ്ട് മാസത്തേക്ക് ആളുകളെ കുറക്കണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 20 തൊഴിലാളികളെ മാത്രമാണ് നാല് യൂനിയനുകളില്‍ നിന്നുമായി കയറ്റിയിരുന്നത്. രണ്ടു മാസം കഴിഞ്ഞിട്ട് മാനേജ്‌മെന്റ് ചര്‍ച്ചയ്‌ക്കോ കൂടുതല്‍ തൊഴിലാളികളെ കയറ്റാനോ തയ്യാറായില്ല.
ഇതിനിടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച വച്ച ചര്‍ച്ച മാനേജ്‌മെന്റ് അട്ടിമറിച്ചതായും സിഐടിയു നേതൃത്വം അറിയിച്ചു.
Next Story

RELATED STORIES

Share it