Flash News

കലൂരില്‍ നാളെ വീണ്ടും പോരാട്ടങ്ങള്‍



കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ നാളെ വീണ്ടും കളിയാരവങ്ങള്‍ ഉയരുകയാണ്. ഗ്രൂപ്പ് ഡിയിലെ രണ്ട് മല്‍സരങ്ങളാണ് നാളെ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. ആദ്യ മല്‍സരത്തില്‍ സ്‌പെയിന്‍ നൈജറുമായി ഏറ്റുമുട്ടുമ്പോള്‍ രണ്ടാമത്തെ കളിയില്‍ ബ്രസീലിന് കൊറിയയാണ് എതിരാളികള്‍. ആദ്യ മല്‍സരങ്ങളില്‍ വിജയിച്ച ബ്രസീലും നൈജറുമാണ് ഗ്രൂപ്പില്‍ ഒന്നാമത്. തോല്‍വിയോടെ തുടങ്ങിയ സ്‌പെയിനും കൊറിയയും പിന്നിലാണ്. നാളത്തെ കളിയില്‍ ജയം ആവര്‍ത്തിച്ചാല്‍ ഒന്നാമതായി ബ്രസീലിന് അടുത്ത ഘട്ടത്തിലേക്ക് ആത്മവിശ്വാസത്തോടെ മാര്‍ച്ച് ചെയ്യാം. നിലവിലെ സാഹചര്യം ബ്രസീലിന് അനുകൂലമാണ്. കളിക്കാരെല്ലാം മികച്ച ഫോമിലാണ്. മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം നടത്തുന്ന പൗലിഞ്ഞോയുടെ സാനിധ്യം ടീമിന് കരുത്ത് പകരും. സ്‌പെയിനിനെ തോല്‍പ്പിക്കുന്നതില്‍ മഞ്ഞപ്പടയ്ക്ക് കരുത്ത് പകര്‍ന്നത് പൗലിഞ്ഞോയുടെ പ്രകടനമാണ്. ലിന്‍കോണും അന്റോണിയോയും ബ്രണറും മികച്ച ഫോമിലുള്ളത് അവര്‍ക്ക് ഗുണകരമാണ്. കരുത്തരായ സ്‌പെയിനിനെ തോല്‍പ്പിച്ചതിന്റെ കരുത്തില്‍ ദുര്‍ബലരായ കൊറിയയെ തകര്‍ക്കാമെന്ന് കോച്ച് കാര്‍ലോസ് അമേഡ്യു കണക്കുകൂട്ടുന്നു. ഇന്ത്യയിലെ കാലാവസ്ഥയുമായി ടീം പൂര്‍ണമായി ഇണങ്ങി കഴിഞ്ഞതും ഗുണകരമായി കോച്ച് വിലയിരുത്തുന്നു. മറുവശത്ത് കൊറിയക്ക് പരീക്ഷണകാലമാണ്. തുല്യശക്തികളായ നൈജറിനോട് ഏറ്റ തോല്‍വിയില്‍ തകര്‍ന്ന് നില്‍ക്കുന്ന ടീമിന് ബ്രസീലുമായുള്ള സമനില പോലും ഊര്‍ജം നല്‍കും. മറുവശത്ത് തോല്‍വിയോടെ തുടങ്ങിയെങ്കിലും സ്‌പെയിന്‍ ആത്മവിശ്വാസത്തിലാണ ് നൈജറുമായുള്ള മല്‍സരത്തിനിറങ്ങുന്നത്. മികച്ച കളി കെട്ടഴിച്ചാണ് ബ്രസീലിനോട് അവര്‍ കീഴടങ്ങിയത്. കന്നി ലോകകപ്പിനിറങ്ങിയ നൈജര്‍ കൊറിയയെ തോല്‍പ്പിച്ചതിന്റെ ബലത്തിലാണ് സ്‌പെയിനെതിരെ ബൂട്ടണിയുന്നത്. നിലവിലെ ഫോം അനുസരിച്ച് സ്‌പെയിന്‍ -നൈജര്‍ പോരാട്ടത്തിലെ വിജയികളെ പ്രവചിക്കുക അപ്രാപ്യമാണ്.
Next Story

RELATED STORIES

Share it