Flash News

കലീന ബദര്‍ ജുമാമസ്ജിദും മദ്‌റസയും 50 വര്‍ഷം പൂര്‍ത്തിയാക്കുന്നു



മുഹമ്മദ്  പടന്ന

മുംബൈ: മലയാളി ആദ്യകാലങ്ങളില്‍ ഭാഗ്യപരീക്ഷണങ്ങള്‍ക്കു തിരഞ്ഞെടുത്ത നഗരത്തില്‍ അക്കാലത്തു തന്നെ കേരളത്തനിമയും സംസ്‌കാരവും കൊണ്ടുപോയിരുന്നുവെന്നതിന്റെ മകുടോദാഹരണമാണ് മുംബൈയുടെ ഹൃദയഭാഗത്ത് സാന്താക്രൂസ് കലീനയില്‍ സ്ഥിതിചെയ്യുന്ന ബദര്‍ ജുമാമസ്ജിദും മദ്‌റസയും. ഈ പള്ളി നിലവി ല്‍ വന്ന് 50 ആണ്ട് പൂര്‍ത്തിയാവുകയാണ്. 1967 കാലഘട്ടത്തില്‍ ഉപജീവനമാര്‍ഗം തേടി മുംബൈയിലെത്തിയ ഏതാനും മലയാളികള്‍ രൂപീകരിച്ച കലീന മലയാളി മുസ്‌ലിം ജമാഅത്താണ് ഈ പള്ളി സ്ഥാപിച്ചത്. അന്നുതൊട്ടേ കേരളീയ മുസ്‌ലിം ആചാരാനുഷ്ഠാനങ്ങള്‍ അപ്പടി പാലിച്ചുപോരുകയാണ് ഇവിടെ.ആദ്യകാലത്തു മുംബൈയിലെത്തിയവരിലൊരാളായ കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കട്ടേരി മുഹമ്മദ് ഹാജിയുടെ നേതൃത്വത്തിലാണ് മലയാളികള്‍ ഈ ജമാഅത്തിനു രൂപംകൊടുത്തത്. അദ്ദേഹം പ്രസിഡന്റും എം പി ഹമീദ് ജനറല്‍ സെക്രട്ടറിയുമായുള്ള 17 അംഗ കമ്മിറ്റിയാണ് മലയാളികള്‍ക്കായി പള്ളിയും അനുബന്ധമായി മദ്‌റസയും വേണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ഇന്ന് ഇരുനിലകളിലായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏതാണ്ട് അടുത്തായി സ്ഥിതിചെയ്യുന്ന ഈ പള്ളിയിലും മദ്‌റസയിലും മലയാളികളെ കൂടാതെ മുംബൈ നഗരവാസികളായ ഒട്ടേറെ ഇതരഭാഷക്കാരും പങ്കുചേരുകയാണ്.കലീനയിലെ അറിയപ്പെടുന്ന ഈ പള്ളിയില്‍ വെള്ളിയാഴ്ച പ്രഭാഷണങ്ങളിലും മറ്റു ചടങ്ങുകളിലും സംബന്ധിക്കാന്‍ നിരവധി വിശ്വാസികളാണ് എത്തുന്നത്. കാലിക വിഷയങ്ങള്‍ പരാമര്‍ശിച്ച് മലയാളത്തില്‍ ജുമുഅ പ്രഭാഷണം നടക്കുന്ന മുംബൈയിലെ  ഏക മലയാളി മസ്ജിദുംകൂടിയാണിത്. വിവിധ ചടങ്ങുകള്‍ തികച്ചും കേരളീയ അന്തരീക്ഷത്തില്‍ നടത്തുമ്പോള്‍ തന്നെ എല്ലാ മാസവും നടത്തുന്ന അന്നദാനം പരിസരത്തെ പാവങ്ങള്‍ക്ക് എന്നും ആശ്രയമാണെന്ന് 20 വ ര്‍ഷമായി പള്ളിയിലെ മുഖ്യ ഇമാമായ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ബഷീര്‍ ബാഖവി പറയുന്നു. സമൂഹത്തിലെ നിരാശ്രയരും നിരാലംബരുമായവര്‍ ചികില്‍സ, വീട്, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ചു സമീപിക്കാറുണ്ട്. ജമാഅത്തിനു കീഴിലുള്ള സ്വലാത്ത് ഫണ്ടില്‍നിന്നു സഹായം  നല്‍കുന്നു. റമദാനില്‍ എല്ലാ ദിവസവും നടത്തുന്ന നോമ്പുതുറ യാത്രക്കാര്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്ന മലയാളികള്‍ക്കും  ആശ്വാസമേവുന്നു. ആരാധനയോടൊപ്പം ജീവകാരുണ്യ-സാമൂഹിക സേവനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതുമൂലം മുംബൈയിലെ മലയാളി മുസ്‌ലിമിന് സാംസ്‌കാരികകേന്ദ്രം കൂടിയാണിത്.  കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ മുഅദ്ദിനായി സേവനം അനുഷ്ഠിക്കുന്നത് കാസര്‍കോട് മഞ്ചേശ്വരം സ്വദേശി അസൈനാര്‍ മൗലവിയാണ്. 50 ആണ്ടിന്റെ നിറവില്‍ മുംബൈ മഹാനഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ആത്മീയമന്ദിരം മലയാളികളുടെ സൗഹൃദ കൂട്ടായ്മയുടെ ചരിത്രശേഷിപ്പുകൂടിയാണ്.
Next Story

RELATED STORIES

Share it