Alappuzha local

കലി അടങ്ങാതെ കടല്‍; നിരവധി വീടുകള്‍ തകര്‍ന്നു

അമ്പലപ്പുഴ: മേഖലയില്‍ കടലിന്റെ സംഹാര താണ്ഡവം തുടരുന്നു. മേഖലയില്‍ ഇന്നലേയും നിരവധി വീടുകള്‍ കടലെടുത്തു. കൂറ്റന്‍ തിരമാലകള്‍ മീറ്ററുകളോളം കര കവര്‍ന്നു. തീരദേശ വാസികള്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്നു. വണ്ടാനം മാധവന്‍മുക്ക് പ്രദേശത്താണ് കടല്‍ സംഹാര താണ്ഡവമാടിയത്.
ഞായറാഴ്ച ശാന്തമായിരുന്ന കടല്‍ ഇന്നലെ ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ കടലാക്രമണം ഉണ്ടാവുന്നതെന്ന് തീരദേശ വാസികള്‍ പറയുന്നു. തീരദേശ റോഡു വരെ കടലെടുത്തു കഴിഞ്ഞു. അതിശക്തമായി ആഞ്ഞടിച്ച തിരമാല മുന്നൂറ് മീറ്ററോളം കിഴക്ക് വരെയെത്തി. തീരദേശ റോഡിന് കിഴക്കുവശമുള്ള നിരവധി വീടുകളിലും വെള്ളം കയറിയതോടെ ജനജീവിതം താറുമാറായി. പല വീട്ടുകാരും വീട്ടുപകരണങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറ്റി. കടലാക്രമണം തടയാനായി ഈ പ്രദേശത്ത് സ്ഥാപിച്ച ജിയോ ട്യൂബും കടലെടുത്തു. ഇതിനു മുകളിലൂടെയാണ് തിരമാല ആഞ്ഞടിക്കുന്നത്. പ്രദേശമാകെ കടലെടുത്തതോടെ തീരദേശ വാസികളാകെ ആശങ്കയിലാണ്. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറിയതിനാല്‍ അന്തിയുറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയായി. കടലാക്രമണത്തിനൊപ്പം കനത്ത മഴ കൂടി പെയ്തതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
അതേ സമയം കടലാക്രമണം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരും തിരയില്‍പ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ദേശാഭിമാനി അമ്പലപ്പുഴ റിപ്പോര്‍ട്ടര്‍ വ പ്രതാപനാണ് തലക്ക് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ വണ്ടാനം മാധവന്‍ മുക്കില്‍ കടലാക്രമണ ഫോട്ടോ എടുക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് പ്രതാപ് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട പ്രതാപനെ സമീപത്തുനിന്നവര്‍ രക്ഷപെടുത്തുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ജനയുഗം റിപോര്‍ട്ടര്‍ മണി ലാലും തിരയില്‍പ്പെട്ടെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വീണ് നെറ്റിക്ക് പരിക്കേറ്റ പ്രതാപ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്ന് ചികിത്സ തേടി. പുന്നപ്രയില്‍ കടലാക്രമണം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ജന്‍മഭൂമി റിപ്പോര്‍ട്ടര്‍ ജോജി മോനും തിരയില്‍പ്പെട്ടു. ഇദ്ദേഹത്തിന്റെ സ്‌കൂട്ടറും കടലെടുത്തു.കടല്‍ കലിതുള്ളുന്നതു കണ്ട വീട്ടമ്മയെഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പുതുവല്‍ റസീലയെയാണ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ കടല്‍ ശക്തമാകുന്നതു കണ്ട് ഇവര്‍ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. സമീപത്തെ പുതുവല്‍ വീട്ടില്‍ സബിതക്ക് കുട്ടികളെ രക്ഷിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റു. സബിതയുടെ വീടും കടലെടുത്തു.
ഹരിപ്പാട്: കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശ വാസികളുടെ ദുരിതവും ഇരട്ടിയായി. നാമമാത്ര വീടുകള്‍ മാത്രമേ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഭീഷണി നേരിടുന്നുള്ളൂവെങ്കിലും യാത്രാ മാര്‍ഗങ്ങള്‍ അടയുന്ന സാഹചര്യമാണുള്ളത്. ആറാട്ടുപുഴ ബസ്സ്റ്റാന്റ് മുതല്‍ തെക്കോട്ട് ഏകദേശം 600 മീറ്ററിലാണ് റോഡിന് ശക്തമായ നാശം വിതയ്ക്കുന്നത്.
കടലിനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇവിടെ ശക്തമായ തിരയാണ് റോഡിലേക്ക് പതിക്കുന്നത്. തകര്‍ന്നടിഞ്ഞ് കിടന്ന ഇവിടെ സമീപകാലത്താണ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. എന്നാല്‍ റോഡിന്റെ പടിഞ്ഞാറുവശം  തകര്‍ന്നു തുടങ്ങി. ഇവിടെ കടല്‍ഭിത്തിയുണ്ടെങ്കിലും മതിയായ ഉയരമില്ല. അതിനാല്‍ കടല്‍ഭിത്തിക്ക് മുകളിലൂടെ തിരയടിച്ചാണ് റോഡ് തകരുന്നത്.  റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
ഓക്കി ദുരന്തത്തിന് ശേഷവും റോസ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാര്യക്ഷമമല്ലാത്ത ടാര്‍ ചെയ്യുകയായിരുന്നു.  ബസ് സ്റ്റാന്റിനു തെക്ക് വശമാണ് കടല്‍ക്ഷോഭത്തില്‍ ആദ്യമെ തകരുന്നത്. ഇതോടെ വാഹന സര്‍വീസ് നിലയ്ക്കും.  ഫലത്തില്‍ വലിയഴീയ്ക്കല്‍ വരെയുള്ള ജനങ്ങളുടെ യാത്രാമാര്‍ഗമാണ് അടയുന്നത്.
എകെജി നഗര്‍, നെല്ലാനിക്കല്‍, എസ് എന്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലും ഭിത്തികള്‍ക്കിടയിലൂടെ തിര റോഡിലേക്ക് പതിക്കുന്നുണ്ട്. കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള കടല്‍ ഭിത്തികള്‍ പലയിടത്തും തകര്‍ന്നടിഞ്ഞ നിലയിലാണ്. അടിഭാഗത്തെ മണല്‍ നീങ്ങുന്നത് കടല്‍ഭിത്തികളുടെ തകര്‍ച്ചക്ക് കാരണമാകുന്നതായി തീരദേശ വാസികള്‍ വ്യക്തമാക്കുന്നു.
കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാകട്ടെ റോഡിലേക്ക് വന്‍തോതിലാണ് മണല്‍ അടിച്ചു കയറുന്നത്.  ഇതിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും റവന്യു അധികൃതരെ തടഞ്ഞു വെച്ച സംഭവങ്ങളും  നിരവധി തവണ അരങ്ങേറിയിട്ടുണ്ട്.  എന്നാല്‍ ശാശ്വത പരിഹാരം ഇന്നും കണ്ടിട്ടില്ലെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
നെല്ലാനിക്കലാകട്ടെ  ഒരു വീട് ശക്തമായ രീതിയില്‍ അപകട ഭീഷണി നേരിടുന്നു. വീടും കടലും തമ്മില്‍ നാല്‍പ്പത് മീറ്ററിലധികം അകലമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ പത്ത് മീറ്റര്‍ പോലുമില്ല. വീടിന്റെ പടിഞ്ഞാറു ഭാഗത്ത്  മണല്‍ ചാക്കുകള്‍ അടുക്കിയാണ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it