kozhikode local

കലിയടങ്ങാതെ ലീഗ് ; ഭീതിയകലാതെ വേളം



കുറ്റിയാടി: എസ്ഡിപിഐ പ്രവര്‍ത്തകരെയും വാഹന പ്രചരണജാഥയേയും ആക്രമിക്കാനെത്തിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയതിനെ തുടര്‍ന്ന് വേളം പൂമുഖം നിവാസികള്‍ ഭീതിയുടെ മുള്‍മുനയില്‍. ആക്രമണം ഭയന്ന് മേഖലയിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. സ്ത്രീകളും കുട്ടികളും ഭയന്നുവിറച്ച് വീട്ടിനകത്തുതന്നെ കഴിയുകയാണ്. പാതയോരങ്ങളില്‍ പോലിസ് വാഹനമല്ലാതെ മറ്റൊന്നും കാണാനില്ല. വാഹന ഗതാഗതവും ഭാഗികമായും നിലച്ചു. കഴിഞ്ഞദിവസം വൈകീട്ടാണു മുസ്‌ലീം ലീഗിന്റെ നേതൃത്വത്തിലുള്ള ആക്രമിസംഘം പോലിസുകാരെ ആക്രമിക്കുകയും പ്രദേശത്താകെ ഭീതിപരത്തുകയും ചെയ്തത്. എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍, ഭീകര രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക എന്ന സന്ദേശമുയര്‍ത്തി നടത്തിയ വാഹന പ്രചരണജാഥയെ ആക്രമിക്കാനെത്തിയതായിരുന്നു 500ലധികം വരുന്ന ലീഗ് പ്രവര്‍ത്തകര്‍. മൂന്നുദിവസം നീളുന്ന ജാഥയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് വേളം പഞ്ചായത്തിലെ കേളോത്ത് മുക്കില്‍ ജില്ലാപ്രസിഡന്റ് ആര്‍ എം റഹീം മാസ്റ്ററാണു നിര്‍വഹിച്ചത്. ഊരത്ത്, കുറ്റിയാടി, തീക്കുനി, കാക്കുനി, എന്നിവിടങ്ങളിലെ  സ്വീകരണത്തിനുശേഷം തണ്ണീര്‍പ്പന്തലില്‍ പരിപാടിയുടെ സമാപനസമ്മേളനം നടത്താനായിരുന്നു തീരുമാനം. ജാഥയ്ക്ക് സ്വീകരണം നല്‍കുന്ന പലയിടത്തും ലീഗ് ആക്രമികള്‍ സംഘം ചേര്‍ന്നതിനാല്‍ പോലീസ് നിര്‍ദേശമനുസരിച്ചാണ് ജാഥ സഞ്ചരിച്ചത്. ജാഥയുടെ മുന്നോടിയായി പോയ പോലിസ് വാഹനം ലീഗ് സംഘം തടയുകയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയും കല്ലേറു നടത്തുകയുമാണുണ്ടായത്. നാലു പോലിസുകാര്‍ക്ക് ഗുരുതമായ പരിക്കേല്‍ക്കുകയും ചെയ്തു. പോലിസ് വാഹനം തകര്‍ത്ത ആക്രമികള്‍ സിഐയുടെ വാഹനം സമീപത്തെ വയലിലേക്ക് മറച്ചിടുകയും ചെയ്തു. കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പോലിസ് ഉദ്യോഗസ്ഥരായ കെ സുരേഷ്, ടി ആര്‍ രഞ്ജിത്ത്, പി വിപിന്‍, സുധീഷ് എന്നിവരെ എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, എസ്ഡിപിഐ ജില്ലാ ട്രഷറര്‍ മുസ്തഫ പാലേരി, പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് റഷീദ് ഉമരി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it