malappuram local

കലിയടങ്ങാതെ മഴ

മലപ്പുറം/കാളിക്കാവ്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വ്യാപക കൃഷിനാശം. നിര്‍ത്താതെ പെയ്യുന്ന മഴയോടൊപ്പം ശക്തമായ കാറ്റും കൂടിയായപ്പോള്‍ നിരവധി വീടുകളാണ് തകര്‍ന്നത്. മരങ്ങളും മറ്റും റോഡിലേക്ക് വീണ് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
മലയോരമേഖല ഉരുള്‍പ്പൊട്ടല്‍ ഭീതിയിലാണ്. കാളികാവ് മേഖലയിലെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകി. കാളികാവിലെ ചെത്തുകടവ് പാലത്തിന് സമീപം പുഴ കരകവിഞ്ഞ് സമീപത്തെ കൃഷി ഭൂമികള്‍ വെള്ളത്തിനടിയിലായി. അമ്പലക്കടവ്, പള്ളിശ്ശേരി, പരിയങ്ങാട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലും വെള്ളം കയറി കൃഷി നശിച്ചു. ചെങ്കോട് ചാഴിയോട് നടപ്പാലം, വെന്തോടന്‍പടി മുത്തന്‍തണ്ട് പാലം എന്നീ പാലങ്ങള്‍ വെള്ളത്തിനടിയിലായി. ഈ മഴക്കാലത്ത് കാളികാവ് ജങ്ഷനില്‍ രണ്ടാമത് തവണയാണ് വെള്ളം കയറുന്നത്. മൂന്ന് മണിക്കൂറോളം സമയം ഗതാഗതം തടസ്സപ്പെട്ടു. ചെറുവാഹനങ്ങളില്‍ വെള്ളം കയറിയത് ഏറെ ദുരിതമായി. പൂങ്ങോട് ചെറൂത്ത് മേഖലയില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മേഖലയില്‍ തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കും ശക്തമായ കാറ്റുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. പൂങ്ങോട് ചെറൂത്ത് പ്രദേശങ്ങളിലാണ് കൂടുതലായി കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായത്. രാവിലെ പൂങ്ങോട് പുള്ളിപ്പാടം എസ്‌സി കോളനിയിലെ പന്തക്കളത്തില്‍ ഹരിദാസന്‍ എന്നയാളുടെ വീട് മരം വീണ് തകര്‍ന്നു.
വീടിന്റെ മേല്‍കൂര പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ചെറൂത്തിലെ പറമ്പത്ത് ജംഷീര്‍, പറമ്പത്ത് നിസാര്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളിലൂടെയും മരം വീണു. ചെറൂത്തിലെ തൊടിയില്‍ ബാപ്പു മുസ്്‌ല്യാര്‍, പറമ്പത്ത് നസീം എന്നിവരുടെ 25 വീതം റബര്‍ മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി. കലിതുള്ളിയ കാലവര്‍ഷക്കെടുതികളില്‍ ഭീമമായ തുകയാണ് നഷ്ടമുണ്ടായിരിക്കുന്നത്.
Next Story

RELATED STORIES

Share it