thrissur local

കലിയടങ്ങാതെ കടല്‍: എറിയാട് കടല്‍ക്ഷോഭം രൂക്ഷം; 300 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കൊടുങ്ങല്ലൂര്‍: കഴിഞ്ഞ നാലുദിവസമായി എറിയാട് വില്ലേജിലെ ആറാട്ടുവഴി മുതല്‍ വടക്കോട്ട് അറപ്പവരെയുള്ള തീരദേശത്തെ മുഴുവന്‍ വീട്ടുകാരെയും  എറിയാട് എഎംഎല്‍യുപി സ്‌കൂളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. അതേസമയം സര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്ത്, എറിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അവഗണനക്കെതിരെ തീരദേശ ആക്ഷന്‍ കൗണ്‍സിലിന്റെയും വിവിധ രാഷ്ട്രീയ കക്ഷി പ്രാദേശിക നേതാക്കളുടെയും ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ എറിയാട് സെന്ററില്‍ നൂറുകണക്കിന് ജനങ്ങള്‍ റോഡ് ഉപരോധിച്ചു. അറപ്പമുതല്‍ ആറാട്ടുവഴി വരെ കടല്‍ഭിത്തി നിര്‍മ്മിക്കുക, വീട് നഷ്ടപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റോഡ് ഉപരോധിച്ചത്. സംഭവമറിഞ്ഞ് തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് ഷംസുദ്ദീന്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസ് തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തിയെങ്കിലും ഉപരോധം പിന്‍വലിച്ചില്ല. തുടര്‍ന്ന് ഇ ടി ടൈസണ്‍ എംഎല്‍എ തൃശൂരില്‍ ഉണ്ടായിരുന്ന വ്യവസായ മന്ത്രി എ സി മൊയ്തീനുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് മന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ച് കൊടുങ്ങല്ലൂര്‍ പിഡബഌയുഡി റസ്റ്റ് ഹൗസില്‍ വെച്ച് ചര്‍ച്ച ചെയ്യാമെന്ന് സമക്കാരെ അറിയിച്ചുവെങ്കിലും തീരുമാനം എടുത്തതിനുശേഷം ഉപരോധം നിര്‍ത്താമെന്ന് മന്ത്രിയെ അറിയിച്ചു.
ഇതനുസരിച്ച് എംഎല്‍എ മാരായ ഇ ടി ടൈസണ്‍, കെ വി അബ്ദുള്‍ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഡെപ്യൂട്ടി കളക്ടര്‍ രേണുരാജ്, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി, കൂടാതെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ സാന്നിധ്യത്തില്‍ മന്ത്രി എ സി മൊയ്തീന്‍ ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ദിവസത്തിനകം കടല്‍ഭിത്തി അറപ്പമുതല്‍ ആറാട്ടുവഴിവരെ പുനര്‍നിര്‍മാണം നടത്തും. വീട് നഷ്‌പ്പെട്ട 27 പേര്‍ക്ക് വീട് പുനര്‍നിര്‍മിച്ചുനല്‍കും.
വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ക്കും മുഴുവന്‍ തുക നല്‍കും. ഞായറാഴ്ച മുതല്‍ പണി ആരംഭിക്കുന്നതുവരെ കടല്‍ഭിത്തി ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ താല്‍ക്കാലികമായി മണല്‍ചാക്കുകള്‍ നിറച്ചിടും. മണല്‍മൂടിയതും ചെളി കയറിയിട്ടുള്ള എറിയാട്, അറപ്പറോഡുകള്‍ അടിയന്തിരമായി പുനര്‍നിര്‍മിക്കും. മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു.റോഡ് ഉപരോധത്തിന് കെ പി രാജന്‍, പി ബി മൊയ്തു, ടി എ ജലീല്‍, വി എം ഹനീഫ, അനില്‍കുമാര്‍, അഡ്വ. സബഹ്, എ കെ അസീസ്, ഫിറോസ്, ചന്ദ്രിക എന്നിവര്‍ നേതൃത്വം നല്‍കി.
അറപ്പമുതല്‍ ആറാട്ടുവഴി വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്താല്‍ വെള്ളംകയറി കൊണ്ടിരിക്കുന്നു. പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഇപ്പോഴും മാറ്റികൊണ്ടിരിക്കുകയാണ്. ഇന്നസെന്റ് എം.പി ഇരിങ്ങാലക്കുടയിലെ വീട്ടിലുണ്ടായിട്ടും നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയോ ജനങ്ങള്‍ ഫോണ്‍വിളിച്ചാല്‍ എടുക്കുകയോ ചെയ്യാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്.
കാറ്റില്‍ മാള
മേഖലയില്‍ നാശം
മാള: കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മേഖലയില്‍ നാശനഷ്ടം. കുഴൂര്‍ പഞ്ചായത്തിലെ എരവത്തൂര്‍, തിരുമുക്കുളം എന്നീ പ്രദേശങ്ങളിലും പുത്തന്‍ചിറ പഞ്ചായത്തിലെ കൊമ്പത്തുകടവിലുമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. എരവത്തൂരില്‍ മുളക്കാമ്പിള്ളി ഷാജുവിന്റെ കുലച്ച എഴുനൂറോളം വാഴകളില്‍ പകുതിയും ഒടിഞ്ഞുവീണു. പാട്ടത്തിനെടുത്ത ഒരേക്കറില്‍ ചെയ്ത കൃഷി നശിച്ചതോടെ അര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഈ കര്‍ഷകന് സംഭവിച്ചിട്ടുള്ളത്. തിരുമുക്കുളത്ത് പ്ലാക്കല്‍ വര്‍ഗ്ഗീസിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി നശിച്ചു. വാര്‍ക്കയുടെ മുകളില്‍ വെച്ചിരുന്ന വാട്ടര്‍ ടാങ്കും അടുക്കള ഭാഗത്തെ ചിമ്മിനിയുടെ വാര്‍ക്കയും തകര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു.
തീരദേശം കടല്‍
വിഴുങ്ങി
അണ്ടത്തോട്: ഓഖി ചുഴലിക്കാറ്റില്‍ പെട്ടെന്നുണ്ടായ കടല്‍ക്ഷോപത്തെ തുടര്‍ന്ന് തീരദേശമേഖലയിലുണ്ടായ ആശങ്കക്ക് അറുതിയായില്ല. വ്യാഴാച്ച രാത്രിയില്‍ തീരപ്രദേശത്ത് ശക്തമായ കാറ്റുണ്ടായിരുന്നെങ്കിലും കടല്‍ക്ഷോപം ശക്തിപ്രാപിക്കുമെന്ന് കരുതിയില്ല. രണ്ട് ദിവസങ്ങളിലായി തുടരുന്ന ശക്തമായ കടല്‍ ക്ഷോപത്തില്‍ തീരദേശങ്ങള്‍ കടല്‍ വിഴുങ്ങി. പെരിയമ്പലം, തങ്ങള്‍പ്പടി, കാപ്പിരിക്കാട് ഭാഗങ്ങളില്‍ കടലിന് സമീപത്തെ വീടുകളിലേക്ക് ശക്തമായ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്.
രാത്രികളില്‍ പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കേണ്ട അവസ്ഥയാണ് ഈ മേഖലയിലെ ജനങ്ങള്‍ക്ക്. പെരിയമ്പലം ബീച്ചില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് നിര്‍മിച്ച പാര്‍ക്ക് ഏത് നിമിഷവും കടലെടുത്തു പോകുന്ന അവസ്ഥയിലാണ്. ഇവിടെ കരഭാഗങ്ങളും പകുതിയിലേറെ കടലെടുത്തു. തങ്ങള്‍പ്പടി മുന്നൂറ്റിപത്ത് റോഡ് കടലെടുത്തു. കായ്ഫലമുള്ള തെങ്ങുകള്‍ കടലെടുത്തു കൊണ്ടിരിക്കുകയാണ്. നൂറോളം തെങ്ങുകള്‍ കടലെടുത്തു. തങ്ങള്‍പ്പടി  കാപ്പിരിക്കാട് അഞ്ചോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് കടല്‍ കയറി.
തയ്യില്‍ കദീജ, മേപ്പുറത്ത് ഹംസ, കറുത്താരന്‍ ജുബൈരിയ, തെക്കേ പുറത്ത് അബൂബക്കര്‍ തുങ്ങിയവരുടെ വീടുകള്‍ ഭാഗികമായി കടലെടുത്തു. പാലപ്പെട്ടി അജ്മീര്‍ നഗറില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് കൊണ്ട് വന്ന കല്ലുകള്‍ കടലെടുത്തു.
50 മീറ്റര്‍ വരെ കടല്‍ കയറിയിട്ടുണ്ടെന്നാണ് പ്രാഥമിക നികമനം. പെരിയമ്പലം  തങ്ങള്‍പ്പടി കടല്‍ പ്രദേശം ചാവക്കാട് തഹസ്സില്‍ ദാര്‍ പ്രേമാനന്ദന്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ്, മുന്‍ പഞ്ചായത്ത് മെമ്പര്‍ എം കെ ബക്കള്‍ തുടങ്ങിയവര്‍ കടലോര മേഖല സന്ദര്‍ശിച്ചു.
മത്തനങ്ങാടിയില്‍ ശക്തമായ കാറ്റില്‍
മരക്കൊമ്പ്
പൊട്ടിവീണു
കേച്ചേരി: മഴുവഞ്ചേരി മത്തനങ്ങാടിയില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് പൊട്ടിവീണു. എരനെല്ലൂര്‍ പള്ളിയോടു ചേര്‍ന്നുള്ള റോഡില്‍ നിന്നിരുന്ന ഉങ്ങ് മരത്തിന്റെ കൂറ്റന്‍ ശിഖിരമാണ് കാറ്റിനെ തുടര്‍ന്ന് പൊട്ടിവീണത്.
കെഎസ്ഇബി ലൈനിന്റെയും പ്രാദേശിക ചാനലിന്റെ കേബിള്‍ ശൃംഖലയ്ക്ക് മുകളിലേക്കുമാണ് മരക്കൊമ്പ് വീണത്. സമീപത്തെ വീടിന്റെ ഓടുകളും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ മരക്കൊമ്പ് മുറിച്ച് നീക്കിയതിനെ തുടര്‍ന്നാണ് വാഹനഗതാഗതം സാധാരണ നിലയിലായത്. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. വാഹനങ്ങളും വഴിയാത്രികരും കടന്ന് പോകുന്ന പാതയില്‍ മരക്കൊമ്പ് വീഴുമ്പോള്‍ വിജനമായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
Next Story

RELATED STORIES

Share it