malappuram local

കലിതുള്ളി കാലവര്‍ഷം

മലപ്പുറം: കാലവര്‍ഷം ശക്തമായിത്തുടങ്ങിയതോടെ നാശനഷ്ടങ്ങളും കൂടെയെത്തി. ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശമുണ്ടായി. നിരവധി വാഹനങ്ങളാണ് മരം വീണ് തകര്‍ന്നത്.
പൊന്നാനി: ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ പള്ളപ്രം ഹൈവേയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പഴകി ദ്രവിച്ച വന്‍ മരങ്ങള്‍ റോഡിലേയ്ക്കു കടപുഴകിവീണ്  മുന്‍വര്‍ഷങ്ങളിലും വാഹനങ്ങള്‍ തകര്‍ന്നിരുന്നു. പൊന്നാനി അങ്ങാടിയില്‍ പാതയോരത്ത് കാലപ്പഴക്കമുള്ള ചീനി മരങ്ങള്‍ ഒരുപാടുണ്ട്. പലതും അടിഭാഗത്തെ വേരറ്റ് ചരിഞ്ഞുവീഴാറായ സ്ഥിതിയിലാണ്. വിവിധ പാതകളിലെ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കണ്ടെത്തി മുറിച്ചുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. പുത്തന്‍പള്ളി റോഡില്‍ ഏതു സമയത്തും റോഡിലേയ്ക്കു വീഴാവുന്ന തരത്തില്‍ വന്‍ മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ മരത്തില്‍ തട്ടുകയും ചെയ്യുന്നുണ്ട്. ഇവ മുറിച്ചുമാറ്റിയില്ലെങ്കില്‍ വലിയ അപകടം വിളിച്ചുവരുത്തലാവും.
പെരിന്തല്‍മണ്ണ: കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് ബൈക്കുകള്‍ തകര്‍ന്നു. അങ്ങാടിപ്പുറം എഎം ഹോണ്ടാ ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന പുതിയ ബൈക്കുകള്‍ക്കു മുകളിലേയ്ക്കാണ് തെങ്ങ് വീണത്. നഷടം കണക്കാക്കിയിട്ടില്ല.
മഞ്ചേരി: കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് മലയോര പ്രദേശങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റടിച്ചതിനെ തുടര്‍ന്ന് മഞ്ചേരിയുടെ പലഭാഗങ്ങളിലും വൈദ്യുതി പോസ്റ്റുകളടക്കം വന്‍ മരങ്ങള്‍ കടപുഴകി വീണു. തടപ്പറമ്പില്‍ വീണ വൈദ്യുതിപോസ്റ്റ് റോഡില്‍ വിലങ്ങനെയായതിനാല്‍ കെഎസ്ഇബി ജീവനക്കാരെത്തി പോസ്റ്റ് മാറ്റുന്നതുവരെ ഗതാഗതം സ്തംഭിച്ചു. ഇന്നലെ മഞ്ചേരിയുടെ പലഭാഗങ്ങളിലും ൈവദ്യുതി തകരാറിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം എട്ടോളം പോസ്റ്റുകള്‍ക്കു കേടുപറ്റുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തിരുന്നു. വന്‍ അപകടങ്ങള്‍ തലനാരിഴയ്്ക്കാണ് വഴിമാറിപ്പോയത്. വൈദ്യുതി ലൈനിലേയ്ക്ക് മരങ്ങള്‍ കടപുഴകി വീണതാണ് പോസ്റ്റുകള്‍ മറിഞ്ഞു വീഴാന്‍ കാരണം. മലയോര പ്രദേശങ്ങളില്‍ മിക്ക സ്ഥലങ്ങളിലും വൈദ്യുതി ലൈനിലേയ്ക്ക് തൂങ്ങി നില്‍കുന്ന വലിയ മരങ്ങളുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റുകള്‍ക്കുണ്ടായ തകരാറുകാരണം മഞ്ചേരിയുടെ പരിസര പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചിരിക്കുന്നു.
താനൂര്‍: കടല്‍ക്ഷോഭം കാരണം കോര്‍മാന്‍ കടപ്പുറത്ത് കരയില്‍ കയറ്റിയ മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ തെങ്ങുവീണ് തകര്‍ന്നു. മൂസാന്റെ പുരക്കല്‍ അഷ്‌റഫിന്റെ രണ്ട് വള്ളവും കുട്ട്യച്ചിന്റെ പുരക്കല്‍ ബഷീറിന്റെയും വള്ളങ്ങളുമാണ് തകര്‍ന്നത്. പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റില്‍ സമീപമുള്ള തെങ്ങ് കടപുഴകി വള്ളങ്ങളുടെ മുകളിലേയ്ക്കു വിഴുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹാര്‍ബറിനു സമീപം കടലില്‍ ശക്തമായ കടലാക്രമണത്തില്‍ ചേക്കാമാടത്ത് ഹനീഫയുടെ ഫൈബര്‍ വള്ളം തകരുകയും എന്‍ജിന്‍ കടലില്‍ നഷ്ടപ്പെടുകയും ചെയ്തു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
Next Story

RELATED STORIES

Share it