kozhikode local

കലിടയങ്ങാതെ കടല്‍; 25 വീടുകളില്‍ വെള്ളംകയറി

വടകര: വടകരയിലെ സാന്‍ഡ്ബാങ്ക്‌സ് മുതല്‍ മാടാക്കര ബീച്ച് വരെയുള്ള തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമായി. ഇരുപത്തി അഞ്ചോളം വീടുകളില്‍ വെള്ളം കയറുകയും നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണി നേരിടുകയുമാണ്. ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. തീരദേശ റോഡുകളും പലയിടങ്ങളിലും തകര്‍ന്നു.
ആവിക്കല്‍ ഭാഗത്ത് വീട്ടിലേക്ക് തിരമാല അടിച്ചു കയറിയതിനെ തുടര്‍ന്ന് വളപ്പില്‍ അഞ്ജനയുടെ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ഈ പ്രദേശത്ത് തന്നെ താമസിക്കുന്ന ചെറുവാണ്ടി ശങ്കരന്‍, എടത്തില്‍ കാഞ്ചന, പുതിയ പുരയില്‍ സാവിത്രി, തെക്കേ പുരയില്‍ സുരേഷ്, കെ പ്രേമന്‍, കുരിയാടിയില്‍ ശ്യാം ഭവനില്‍ ശ്യാംരാജ്, കിണറ്റിങ്കര ഭരതന്‍, പാണന്റവിട ബീനാ മനോഹരന്‍, പുതിയ പുരയില്‍ സ്മിതാ സുരേഷ്, പി ഭാര്‍ഗവന്‍, വരയെന്റെ വളപ്പില്‍ മധു, വരയന്റെ വളപ്പില്‍ മനോഹരന്‍, വരയന്റെ വളപ്പില്‍ അനീഷ് എന്നിവരുടെ വീടുകള്‍ ഭീഷണി നേരിടുകയാണ്.
ഒഞ്ചിയം വില്ലേജില്‍ മാടാക്കര ബീച്ചില്‍ വലിയ വീട്ടില്‍ ലക്ഷ്മണന്‍, വലിയ വീട്ടില്‍ സുരേഷ് എന്നിവരുടെ വീടുകള്‍ ഏത് നിമിഷവും കടലെടുക്കുമെന്ന ഭീതിയിലാണ്. പലയിടങ്ങളിലും കടല്‍ ഭിത്തി നിര്‍മ്മിക്കാത്തതാണ് ഭീഷണിക്ക് ആക്കം കൂട്ടുന്നത്.
താഴെഅങ്ങാടിയിലെ കൊയിലാണ്ടി വളപ്പ്, പുറങ്കര, ആനാടിഭാഗം, പാണ്ടികശാല വളപ്പ് എന്നിവിടങ്ങളില്‍ ശക്തമായ രീതിയിലാണ് കടലാക്രമണം നേരിടുന്നത്. ഇവിടങ്ങളിലെ കടല്‍ഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെയുമായി കടലില്‍ ശക്തമായ കാറ്റ് അനുഭവപ്പെടുന്നത് കാരണമാണ് കടല്‍ക്ഷോഭം രൂക്ഷമായതെന്ന് തൊഴിലാളികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാവുന്ന സമയങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍കേണ്ട ഗതികേടാണ് ഇവര്‍ക്ക്.
ആവിക്കല്‍ ബീച്ച് റോഡ്, കുരിയാടി ബീച്ച് റോഡ് എന്നിവ തകര്‍ന്നു. നിരവധി വൈദ്യുതി പോസ്റ്റുകളും, തെങ്ങുകളും ഏത് നിമിഷവും കട പുഴകി വീഴാന്‍ പാകത്തിലാണുള്ളത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ രവീന്ദ്രന്‍, മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it